ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വൻ സാമ്പത്തിക ശക്തികളൊക്കെ കോവിഡ് 19 പ്രത്യാഘാതത്തിൽ നിന്നും കരകയറാൻ പെടാപാട് പെടുമ്പോൾ ഇന്ത്യൻ സമ്പദ്ഘടനക്ക് പറയാനുള്ളത് തീർത്തും വ്യത്യസ്തമായ കഥയാണ്. ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് 776 ബില്ല്യൻ ഡോളറിലെത്തി. രണ്ട് വർഷം മുൻപ് 500 ബില്യൻ ഡോളർ ആയിരുന്നു ഇത്.

2020-21 കാലത്ത് നലുവർഷക്കാലത്തെ ഏറ്റവും കുറഞ്ഞ 292 ബില്യൻ ഡോളർ മാത്രമായിരുന്നു ഇത്. അതായത് രണ്ട് വർഷം മുൻപ് ഉണ്ടായിരിക്കുന്നത് 36 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തിൽ തന്നെ വലിയ വെല്ലുവിളികൾ നിൽക്കുമ്പോഴാണ് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്ഘടനയായി മാറിയിരിക്കുന്നത്. ലോക സാഹചര്യത്തിൽ നിന്നും വിഭിന്നമായി ഇന്ത്യക്ക് വളർച്ച നേടാനായത്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ഇതിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉള്ളത്. സേവന മേഖലയിലെ കയറ്റുമതിയുടെ വളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 56.4 ശതമാനത്തിന്റെ കുത്തനെയുള്ള കുതിപ്പാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഇത് തുടർ വർഷങ്ങളിൽ 25 ശതമാനത്തിൽ തുടരും എന്നാണ് കണക്കാക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, വെബ് ഡവലപ്മെന്റ്, സാസ് പ്രൊഡക്ട്സ് തുടങ്ങിയ ചെറുകിട സേവനങ്ങളുടെ കയറ്റുമതിയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.

സാങ്കേതിക വിദ്യയോട് അടങ്ങാത്ത അഭിനിവേശമുള്ള ഇന്ത്യൻ യുവത്വത്തിന്റെ എഞ്ചിനീയറിങ് ഉൾപ്പടെ വിവിധ മേഖലകളിലെവ് വൈദഗ്ധ്യവും നൈപുണ്യവും തന്നെയാണ് ഈ വളർച്ചക്ക് പിന്നിലെന്ന് നിസ്സംശയം പറയാം. അതുപോലെ വളരുന്ന മറ്റൊരു സേവന മേഖല അക്കൗണ്ടിങ്, ഓഡിറ്റ്, ക്വാളിറ്റി അഷുറൻസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, മാനേജ്മെന്റ് കൺസൾട്ടിങ് എന്നിവ അടങ്ങുന്ന ബിസിനസ്സ് സർവ്വീസുകളാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനവും ഇതിൽ ഉൾപ്പെടുന്നു.

ഗ്ലോബൽ കേപബിലിറ്റി സെന്ററുകളും, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും സേവന രംഗത്തെ കയറ്റുമതിയുടെ കാര്യത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിൽ ആകമാനമായി 1500 ഗ്ലോബൽ കേപബിലിറ്റി സെന്ററുകളാണുള്ളത്. എകദേശം 1.3 മില്യൻ തൊഴിലവസരങ്ങളാണ് ഇവ നൽകുന്നത്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകത്തുള്ള ജി സി സികളുടെ 45 ശതമാനവും ഇന്ത്യയിലാണ് എന്നതാണ് ഒരു വസ്തുത.