ന്യൂഡൽഹി: യുജിഎസ് നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, സിഎസ്ഐആർ- യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ജൂൺ 25 മുതൽ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ഒഴിവാക്കാനാകാതെ സാഹചര്യങ്ങളാലും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളാലും പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഏജൻസി നൽകിയ വിശദീകരണം.

പരീക്ഷയുടെ പുതുക്കിയ തീയതി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ csirnet.nta.ac.in പിന്നീട് അറിയിക്കും. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്( ജെ ആർ എഫ്), സർവകലാശാല അസിസറ്റ് പ്രൊഫസർ/ ലക്ചർഷിപ്പ് എന്നിവയ്ക്കായുള്ള യോഗ്യത പരീക്ഷയാണ് സംയുക്ത സിഎസ്‌ഐആർ -യുജിസി നെറ്റ് പരീക്ഷ.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം സിബിഐയെ ഏൽപിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 1205 കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരാണ് നെറ്റ് പരീക്ഷയെഴുതിയിരുന്നത്. എൻ.ടി.എ മെയ്‌ അഞ്ചിന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി)യിലും ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ, നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നും മെഡിക്കൽ കൗൺസലിങ് തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തേ നാലുവർഷ ബി.എഡ് പ്രോഗ്രാമിലേക്ക് ജൂൺ 12ന് നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും എൻ.ടി.എ റദ്ദാക്കിയിരുന്നു.