1940ല്‍ എറണാകുളത്ത് ജനനം; ഇന്‍സാറ്റ്-പി എസ് എല്‍ വി-ജി എസ് എല്‍ വി സാറ്റലൈറ്റുകളുടെ വികസനം സാധ്യമാക്കിയ ശാസ്ത്രജ്ഞന്‍; പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭ; രാജ്യസഭാ എംപിയായും തിളങ്ങി; മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Update: 2025-04-25 08:19 GMT

ബംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ 9 വര്‍ഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞന്‍. 1940 ല്‍ എറണാകുളത്താണ് ഡോ. കസ്തൂരിരംഗന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കേരളത്തില്‍ വന്ന് താമസിച്ച തമിഴ്നാട് സ്വദേശികളാണ്. ഇന്‍സാറ്റ്, പിഎസ്എല്‍വി, ജിഎസ്എല്‍വി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ആസൂത്രണ കമീഷന്‍ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് , ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍  എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) വിജയകരമായി വിക്ഷേപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-ക & കകന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1971 ല്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്തുകൊണ്ട് എക്‌സ്പിരിമെന്റല്‍ ഹൈ എനര്‍ജി ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. കസ്തൂരിരംഗന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.

Tags:    

Similar News