ഖത്തറിലെ സർക്കാർ, സ്വകാര്യ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ എന്നിവയിലെ ജീവനക്കാരും വിദ്യാർത്ഥികളും അധ്യയന വർഷം ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വീട്ടിലോ നിയുക്ത കേന്ദ്രങ്ങളിലോ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഒരു തവണ മാത്രമേ ഈ പരിശോധന ആവശ്യമുള്ളൂവെന്നും ഓരോ ആഴ്ചയിലും ആന്റിജൻ പരിശോധന ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വീടുകളിലോ അംഗീകൃത ലാബുകളിലോ വെച്ച് ആന്റിജൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. എല്ലാ ആഴ്ചകളിലും പരിശോധന നടത്തുന്നതിന് പകരം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു തവണ മാത്രം മതിയാവും. അതേസമയം, സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന്, നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം. ഫലം പോസിറ്റീവ് ആണെങ്കിൽഅടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ നടപടികൾസ്വീകരിക്കണം.

കൗൺസിൽ തീരുമാനമനുസരിച്ച്, സ്‌കൂളിലെ എല്ലാ അദ്ധ്യാപക,അദ്ധ്യാപകേതര ജീവനക്കാരും വിദ്യാർത്ഥികളും മാസ്‌ക് ധരിക്കണം. ഇതിന് പുറമെ, വിദ്യാർത്ഥികളും ജീവനക്കാരും സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പിലെ പച്ച അടയാളം കാണിക്കേണ്ടതാണ്.

ഈ മാസം 16-ചൊവ്വാഴ്ചാണ് ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾതുറക്കുക. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂത്തിയായതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഖത്തറിലെ എല്ലാ ഇന്ത്യൻ; സ്‌കൂളുകളും 16 ന് തന്നെ തുറക്കും.