മുനിസിപ്പല്‍ കൗണ്‍സിലറെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി എംഡിഎംഎ കേസില്‍ അറസ്റ്റില്‍; ജാമ്യം റദ്ദാക്കി സെഷന്‍സ് കോടതി

ജാമ്യ വ്യവസ്ഥ ലംഘിച്ച കൊലക്കേസ് പ്രതി അകത്ത്

Update: 2024-10-21 16:43 GMT

മലപ്പുറം: വാഹനത്തിന് വഴി നല്‍കിയില്ലെന്നാരോപിച്ച് മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയുടെ ജാമ്യം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) റദ്ദ് ചെയ്തു. കേസിലെ മൂന്നാം പ്രതി കറുത്തേടത്ത് ഷംസീറിന്റെ ജാമ്യാപേക്ഷയാണ് കോടതി റദ്ദ് ചെയ്തത്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി മുന്നോട്ടു വെച്ച നിബന്ധനയില്‍ വീഴ്ച വരുത്തിയതിനാലാണ് ജാമ്യം റദ്ദ് ചെയ്തത്.

2022 മാര്‍ച്ച് 29ന് രാത്രി 10 മണിക്ക് പയ്യനാട് താമരശ്ശേരിയിലാണ് കേസിന്നാസ്പദമായ സംഭവം. വാഹനത്തിന് വഴി നല്‍കിയില്ലെന്നാരോപിച്ച് പ്രതികളായ നെല്ലിക്കുത്ത് ഞാറ്റുപോയില്‍ ഷുഹൈബ് എന്ന കൊച്ചു (30), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയന്തൊടികയില്‍ അബ്ദുല്‍ മാജിദ് (28), പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീര്‍(34) എന്നിവര്‍ നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (57) നെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ മൂന്നാം പ്രതി ഷംസീറിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥകളില്‍ മറ്റു കേസുകളില്‍ ഉള്‍പ്പെടരുതെന്നും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഷംസീറിനെയും രണ്ടു സുഹൃത്തുക്കളെയും 36 ഗ്രാം എംഡിഎംഎ സഹിതം കച്ചേരിപ്പടിയില്‍ വെച്ച് മഞ്ചേരി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മയക്കുമരുന്നു കേസിലകപ്പെട്ട് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിക്കെതിരെ പൊലീസ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തിരം കോടതിയില്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.വി. സാബു, അഡീഷണല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.കെ.ഷെരീഫ് എന്നിവരാണ് ഹാജരാകുന്നത

Tags:    

Similar News