പ്ലാറ്റ്‌ഫോമിലൂടെ പേടിച്ച് വിരണ്ട്‍ ഒരാളുടെ നെട്ടോട്ടം; യാത്രക്കാർ പെട്ടെന്ന് സ്റ്റേഷൻ മാസ്റ്ററെ അടക്കം വിവരം അറിയിച്ചു; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചവർ ആ കാഴ്ച കണ്ട് നടുങ്ങി; സ്വന്തം മകന്റെ മുന്നിൽ വച്ച് അച്ഛന്റെ കൊടും ക്രൂരത; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്

Update: 2026-03-18 07:29 GMT

മുംബൈ: മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസ്സുകാരനായ മകൻ്റെ മുന്നിൽ വെച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവിൻ്റെ ക്രൂരതയുടെ ഞെട്ടലിലാണ് രാജ്യം. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്പ ഗുപ്തയാണ് (36) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവും ഇലക്ട്രീഷ്യനുമായ രാജ്കുമാർ ഗുപ്തയെ (42) ഗുജറാത്തിലെ സൂറത്തിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി. മാർച്ച് 14-ന് രാവിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സിസിടിവി ക്യാമറകളിൽ പോലും പതിഞ്ഞ ഈ ദാരുണമായ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് പുഷ്പ പോലീസിൽ പരാതി നൽകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നിലനിന്നിരുന്നതായി പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത പോലീസിനോട് വെളിപ്പെടുത്തി. മാർച്ച് 14-ന് നടന്ന തർക്കത്തിന് പിന്നാലെ പുഷ്പ പോലീസിനെ സമീപിച്ചിരുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ്, സഹോദരിയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുപോകാനാണ് മുംബൈയിലെത്തിയത്.

റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ തൻ്റെ തിരിച്ചറിയൽ രേഖ എടുക്കാൻ തിരികെ വീട്ടിലെത്തിയ കമലേഷിനെ രാജ്കുമാർ മുറിക്കുള്ളിലിട്ട് പൂട്ടി. തുടർന്നാണ് ഇയാൾ സ്റ്റേഷനിലെത്തി ഭാര്യയെയും മകനെയും കണ്ടുമുട്ടിയത്. പോലീസിൽ പരാതി നൽകിയതിനെക്കുറിച്ച് സ്റ്റേഷനിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും തുടർന്ന് ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് മുന്നിലേക്ക് പുഷ്പയെ ഇയാൾ തള്ളിയിടുകയുമായിരുന്നു.

സംഭവത്തിന് ശേഷം രാജ്കുമാർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പുഷ്പയെ റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലാറ്റ്‌ഫോമിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി സൂറത്തിലുണ്ടെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സ്വന്തം മകൻ്റെ കണ്മുന്നിൽ വെച്ച് നടന്ന ഈ ക്രൂരത മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

Tags:    

Similar News