ഭര്‍ത്താവുമായി വീഡിയോ കോളിലൂടെ തര്‍ക്കം; പിന്നാലെ ശ്രീലങ്കന്‍ വംശജയായ നടി സുഭാഷിണി ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം തുടങ്ങി; ആരാധകര്‍ ഞെട്ടലില്‍

Update: 2026-04-06 17:29 GMT

ചെന്നൈ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് പരമ്പരയായ 'കയലി'ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകര്‍ക്കിടയില്‍ ശാശ്വി ബാല എന്നും അവര്‍ അറിയപ്പെടുന്നുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുന്‍പ് നടി ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

ശ്രീലങ്കന്‍ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പന്‍തങ്കലിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം ലഭിച്ചയുടന്‍ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യ തന്നെയാണോ അതോ താരത്തിന്റെ മരണത്തില്‍ മറ്റെന്തിങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. താരത്തിന്റെ വിയോഗത്തില്‍ ആരാധകര്‍ ദുഃഖം രേഖപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അവര്‍ ഭര്‍ത്താവ് ബിബിന്‍ ചന്ദ്രയുമായുള്ള ചിത്രങ്ങള്‍ ഹൃദ്യമായ അടിക്കുറിപ്പുകളോടെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവുമായി വീഡിയോ കോളിലൂടെ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

'കയല്‍' എന്ന പരമ്പരയ്ക്ക് പുറമെ 'എല്ലാം മേലെ ഇരിക്കിറവന്‍ പാത്തുപ്പാന്‍' (2023), 'വെബ്' (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്. നടിയുടെ മരണവാര്‍ത്തയില്‍ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുഭാഷിണിയുടെ അപ്രതീക്ഷിത വേര്‍പാട് തമിഴ് ടെലിവിഷന്‍ ലോകത്തെയും ആരാധകരെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.

Similar News