ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല; ചോരക്കുഞ്ഞിനെ കണ്ടത് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി കണ്ട് പരിശോധിച്ചപ്പോഴെന്ന് യുവാവ്; കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍: വെള്ളറടയിലെ വീട്ടിലെ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു: അന്വേഷണം തുടങ്ങി പോലിസ്

വെള്ളറടയിലെ വീട്ടിലെ പ്രസവം; നവജാത ശിശു മരിച്ചു

Update: 2026-04-06 02:45 GMT

തിരുവനന്തപുരം: വെള്ളറടയില്‍ വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടില്‍ ഷംന(21)യുടെ കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് പോലിസില്‍ മൊഴി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോള്‍ ഭാര്യ ഷംന രക്തം വാര്‍ന്ന് അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭര്‍ത്താവ് അല്‍ത്താഫ് പറയുന്നു.

അപ്പോഴും ഭാര്യ പ്രസവിച്ച വിവരം അറിയില്ലെന്നാണ് യുവാവ് പറയുന്നത്. ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ തുണിക്കുള്ളില്‍ ചോരക്കുഞ്ഞിനെ പൊതിഞ്ഞു വെച്ചിരിക്കുന്നതായി കണ്ടെന്ന് അല്‍ത്താഫ് പറയുന്നു. തുടര്‍ന്ന് കുട്ടിയെയും ഷംനയെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി. ഷംന ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് പൊലീസിനോടു പറഞ്ഞത്. ഷംന പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു വര്‍ഷം മുന്‍പായിരുന്നു അല്‍ത്താഫിന്റെയും ഷംനയുടെയും വിവാഹം. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.

Tags:    

Similar News