കൈകൊട്ടിക്കളിയുടെ മറവിൽ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; വിവരം പുറത്തു പറയരുതെന്ന് അമ്മയുടെ ഭീഷണി; ഒടുവിൽ സ്കൂൾ കൗൺസിലിംഗിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്; അമ്മ റിമാൻഡിൽ, 31കാരനായി വലവിരിച്ച് പൊലീസ്

Update: 2026-04-05 16:53 GMT

പുനലൂർ: കൈകൊട്ടിക്കളി പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജിനും (31) അമ്മ മിനിക്കുമെതിരെ പുനലൂർ പൊലീസ് കേസെടുത്തു. രണ്ടാം പ്രതിയായ മിനിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ഒന്നാം പ്രതി ചിക്കുരാജിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് പുനലൂരിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവരമറിഞ്ഞ മിനി കുട്ടിയുടെ വാടകവീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവം പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.

കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന വിവരം പുനലൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News