കുടുംബത്തിന്റെ ഐശ്വര്യം കളയാൻ ബന്ധുക്കൾ മന്ത്രവാദം ചെയ്തെന്ന് വിശ്വസിപ്പിച്ചു; പരിഹാരത്തിന് പൂജയും പുണ്യയാത്രയും; ജയിലിൽ പോയാൽ ശാപമെന്ന് ഭീഷണി; ഒന്നരക്കോടി അടിച്ചുമാറ്റിയ മന്ത്രവാദിയുടെ വൻ തട്ടിപ്പ് പുറത്ത്

Update: 2026-04-05 12:49 GMT

താനെ: ബന്ധുക്കൾ ചെയ്ത ദുർമന്ത്രവാദം ഒഴിപ്പിക്കാമെന്നും കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത് മന്ത്രവാദി. താനെ സ്വദേശിയായ കുടുംബമാണ് തട്ടിപ്പിനിരയായത്. പ്രതിയായ മഞ്ജുനാഥ് ഷെട്ടിക്കെതിരെ കാസർവദാവലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024 ജനുവരിയിൽ ഒരു ചടങ്ങിൽ വെച്ചാണ് പരാതിക്കാരായ കുടുംബം മഞ്ജുനാഥ് ഷെട്ടിയെ പരിചയപ്പെടുന്നത്.

കുടുംബത്തിന്റെ സാമ്പത്തിക വളർച്ച തടയാൻ അടുത്ത ബന്ധു ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ഇതിന് പരിഹാരം ചെയ്തില്ലെങ്കിൽ വൻ ദുരന്തങ്ങൾ സംഭവിക്കുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. പൂജകൾക്കും 12 പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനത്തിനുമായി വൻതുക കൈക്കലാക്കുകയായിരുന്നു. പണമായും ഓൺലൈൻ ഇടപാടുകളിലൂടെയുമായി വിവിധ ഘട്ടങ്ങളിലായാണ് ഇയാൾ കോടികൾ തട്ടിയെടുത്തത്.

2024 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പൂജാ സാമഗ്രികൾ വാങ്ങാനെന്ന പേരിൽ 10 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. തുടർന്ന് 2024 മേയ് മുതൽ 2026 ജനുവരി വരെയുള്ള സമയത്തിനുള്ളിൽ പ്രതിയുടെയും അമ്മയുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി 1.56 കോടി രൂപ കൂടി കുടുംബം കൈമാറി. കോടതി കേസുകൾ തീർപ്പാക്കാനെന്ന വ്യാജേനയും ഇയാൾ പണം വാങ്ങിയിരുന്നു.

തന്നെ ജയിലിലടച്ചാൽ ആചാരങ്ങൾ അപൂർണ്ണമാകുമെന്നും കുടുംബത്തിന്റെ ഗതി ഒരിക്കലും മെച്ചപ്പെടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുടുംബത്തെ തന്റെ വലയിലാക്കിയത്. തങ്ങൾ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ കുടുംബം ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും മഞ്ജുനാഥ് ഷെട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News