പെരുന്നാള്‍ കോടിയുമായി വീട്ടിലേക്ക് മടങ്ങിയത് ചതി ഒളിപ്പിച്ച്; 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി സ്വന്തം കുടുംബത്തോട് കടുംകൈ; ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തില്‍ മുക്കിക്കൊന്നു; നാട്ടില്‍ പറഞ്ഞത് അപകടം ഉണ്ടായത് ടയര്‍ പഞ്ചറായെന്ന്; നരാധമന്‍ കൂടാംതൊടി മുഹമ്മദ് ഷരീഫ് പിടിയില്‍

പെരുന്നാള്‍ കോടിയുമായി വീട്ടിലേക്ക് മടങ്ങിയത് ചതി ഒളിപ്പിച്ച്

Update: 2026-04-03 13:31 GMT

മഞ്ചേരി: പണത്തോടുള്ള ആര്‍ത്തി മൂത്ത് സ്വന്തം ചോരയെയും പ്രാണനെയും ഇല്ലാതാക്കിയ ആ നരാധമന്‍ ഒടുവില്‍ കുടുങ്ങി! 12 വര്‍ഷം മുന്‍പ് കേരളം കേട്ട് നടുങ്ങിയ അരീക്കോട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കര്‍ണാടകയിലെ പരപ്പന അഗ്രഹാരത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. ആസൂത്രിതമായ കൊലപാതകത്തിന് ശേഷം നിയമത്തിന് മുന്നില്‍ നിന്ന് വഴുതിമാറി നടന്ന ഇയാള്‍ക്ക് ഇനി അഴിക്കഴിക്കുള്ളില്‍ കിടന്ന് നരകിക്കേണ്ടി വരും.

വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ കര്‍ണാടകയിലെ പരപ്പ അഗ്രഹാരത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ പരപ്പ അഗ്രഹാരത്തില്‍ ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2015ല്‍ കേസില്‍ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളവട്ടൂര്‍ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലാണ് ഷരീഫ് അറസ്റ്റിലായയത്. 2013 ജൂലൈയിലാണ് സംഭവം.

പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ടയര്‍ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാള്‍ തന്നെയാണ് സംഭവം പുറത്തറിയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയാണെന്ന് വ്യക്തമായി.

ഭാര്യയുടെ പേരില്‍ എടുത്ത പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടന്ന് 76-ാം ദിവസം അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനായി പ്രതി ഹാജരായിരുന്നു. 2014 ഏപ്രില്‍ 22നാണ് പ്രതി ഒളിവില്‍ പോയത്. സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സാബിറയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം. സ്വന്തം സുഖത്തിനായി പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇല്ലാതാക്കിയ ഷരീഫിന് അര്‍ഹമായ ശിക്ഷ ലഭിക്കുമോ എന്ന് ഇനി കോടതി തീരുമാനിക്കും.

Tags:    

Similar News