കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്; അതില്‍ നടപടി എടുക്കാതെ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തത്; പോലീസ് ഓഫീസറായ തനിക്ക് ദുരനുഭവം ഉണ്ടായപ്പോഴും സഹായിച്ചില്ല; മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ല: തെരഞ്ഞെടുപ്പു കളത്തില്‍ ലൗ ജിഹാദ് ആരോപണവുമായി ആര്‍ ശ്രീലേഖ

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്

Update: 2026-04-03 10:30 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ ലൗ ജിഹാദ് ആരോപണം ഉയര്‍ത്തി വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കണ്ണടയ്ക്കുകയുമാണെന്നാണ് അവരുടെ ആരോപണം.

'ലവ് ജിഹാദ്' പോലെയുള്ള അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നുമാണ് ശ്രീലേഖ പറയുന്നത്. 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായാണ് ശ്രീലേഖ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

അടുത്തിടെ മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ലെന്നും ശ്രീലേഖ ആരോപിച്ചു. മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയം പരാമര്‍ശിച്ചു കൊണ്ടായിരുന്നു ശ്രീലേഖ രംഗത്തുവന്നത്.

''ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സര്‍ക്കാര്‍. ദൈവവിശ്വാസമില്ലാത്ത ഒരു സര്‍ക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ആകുമ്പോള്‍ അവര്‍ 100 ശതമാനവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. 2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് കണക്ക്. കേരളത്തില്‍ അതിനു പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണ്.

ഒരു വനിതാ പൊലീസ് ഓഫിസര്‍ ആയിട്ടുള്ള എനിക്ക് നേരെ തന്നെ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ അത് നേരിടുന്നത് ഞാന്‍ ഒറ്റക്കായിരിക്കും. പരാതി പറഞ്ഞാലും ഡിജിപി പോലും എന്നെ പിന്തുണയ്ക്കില്ല. അദ്ദേഹത്തിനു പിന്തുണയ്ക്കണമെങ്കില്‍ രാഷ്ട്രീയമായിട്ടുള്ള അനുവാദം വേണം. രാഷ്ട്രീയ സ്വാധീനം പൊലീസില്‍ ഇത്ര കഠിനമായിട്ട് നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നത്. അത് പൊലീസില്‍ മാത്രമല്ല. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചിട്ടും സഹായം ലഭിച്ചില്ല. കാരണം എതിര്‍ഭാഗത്തു നില്‍ക്കുന്നത് മന്ത്രിയായതുകൊണ്ടാണ്.

ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയാല്‍ എന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഉന്നമനം കിട്ടണമെന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മാറി വിശ്വാസികളുടെ സര്‍ക്കാര്‍ വരണം. എന്‍ഡിഎ ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ മാത്രമേ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉണ്ടാവുകയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ ഒരു വലിയ കാര്യം നടത്തി സ്ത്രീകളുടെ മാനം വരെ സംരക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പക്ഷേ കേരളത്തില്‍ അത് ഇല്ല എന്നുള്ളത് സ്ത്രീകള്‍ ഉള്‍പ്പെടെ മനസിലാക്കണം. നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം''- ആര്‍.ശ്രീലേഖ പറഞ്ഞു.

അതേസമയം ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ എതിര്‍പ്പും ഉയരുന്നുണ്ട്. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ കാണുന്ന ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് ശ്രീലേഖയുടേത്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്ന പരാമര്‍ശത്തിലൂടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അവര്‍ പരസ്യമായി പരിഹസിക്കുകയാണ്. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നുണപ്രചാരണം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള തരംതാണ നീക്കമാണെന്ന് ഇടതുപക്ഷം ആരോപിക്കുന്ന്. ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ആര്‍ ശ്രീലേഖയുടെ ശ്രമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നുമാണ് എല്‍ഡിഎഫ് നിലപാട്.

സംസ്ഥാന സര്‍ക്കാര്‍ ഒരിടത്തും ലൗജിഹാദ് ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല. കേരളാസ്റ്റോറി സിനിമ അടക്കം വിവാദമാകുമ്പോള്‍ ഈ വിഷയത്തില്‍ നിന്നും തെന്നിമാറാനാണ് ബിജെപി കേരളാ നേതൃത്വം ശ്രമിച്ചതും. അടുത്തകാലത്തായി ഇത്തരം വിവാദങ്ങളില്‍ നിന്നും മാറി വികസനം പറഞ്ഞാണ് ബിജെപി വോട്ടുപിടിക്കുന്നത്. ഇതിനിടെയാണ് ശ്രീലേഖ വീണ്ടും ലൗജിഹാദ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്.

ശ്രീലേഖയുടെ ഈ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികാരങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ വിഷയം രാഷ്ട്രീയമായി ബിജെപിക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയാം.

Tags:    

Similar News