ഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി; പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ നോട്ടീസ് കിട്ടിയിട്ടില്ല; വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകര്‍ക്കലെന്ന് ടി പി രാമകൃഷ്ണന്‍; എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്; പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ഇടതു സ്ഥാനാര്‍ഥി
ഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി
കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്‍. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്. അത് ആര്‍ക്കും പരിശോധിക്കാം. പരാതിയില്‍ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അനൗണ്‍സ്മെന്റ് വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത ടി. പി. രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു. ഞങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചിരുന്നു.
യു.ഡി.എഫ്. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. സ്ഥാനാര്‍ത്ഥി നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്.
'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു' എന്നതായിരുന്നു വിവാദമായ അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമാണിതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു.
അനൗണ്‍സ്മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, മൈക്ക് പെര്‍മിഷന്‍ രേഖകള്‍, ഓഡിയോ ക്ലിപ്പ് എന്നിവ സഹിതമാണ് യു.ഡി.എഫ്. ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും സി.പി.എം. നേതാവിന്റെ ശബ്ദമാണ് ഇതിലുള്ളതെന്നും യുഡിഎഫ് ആരോപിക്കുന്നു. ആവളയിലെ മുണ്ടക്കണ്ടി സലീല്‍ എന്ന വ്യക്തി ഈ പ്രചാരണ വാഹനത്തെ പിന്തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചതോടെയാണ് ഗൂഢാലോചന പുറത്തായത്.
ആദ്യഘട്ടത്തില്‍ വാഹനം എല്‍.ഡി.എഫിന്റേതല്ലെന്ന് പറഞ്ഞ് കൈയൊഴിയാന്‍ സി.പി.എം. ശ്രമിച്ചെങ്കിലും ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തിന് സമാനമായ വര്‍ഗീയ കാര്‍ഡാണ് പേരാമ്പ്രയിലും സി.പി.എം. ഇറക്കുന്നതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഉണ്ടായ കനത്ത തിരിച്ചടി സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നിന്ന് 19,085 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തില്‍ ആറ് പഞ്ചായത്തുകളും യു.ഡി.എഫ്. പിടിച്ചെടുത്തതും എല്‍.ഡി.എഫ്. ക്യാമ്പില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം യു.ഡി.എഫിനുള്ള സാഹചര്യത്തില്‍, മതപരമായ ചേരിതിരിവുണ്ടാക്കി വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പരാതിയില്‍ കേസെടുക്കാന്‍ പോലീസ് മടിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു. നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അവര്‍ വ്യക്തമാക്കി.
