എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന്‍ അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ 'ശിലായുഗം' സ്വപ്‌നമാകുമോ? ഇറാന്‍ രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്
വാഷിംഗ്ടണ്‍/ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ മധ്യഭാഗത്ത് വെച്ച് രണ്ടാമതൊരു അമേരിക്കന്‍ എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടെങ്കിലും, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.
ഇതിനിടെ, ഇറാന്റെ ഏറ്റവും ഉയരം കൂടിയ പാലത്തിന് നേരെ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തകര്‍ക്കുമെന്നും വൈദ്യുതി നിലയങ്ങളാണ് അടുത്ത ലക്ഷ്യമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ. ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം,' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാന്റെ നേതൃത്വം എത്രയും വേഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. കുവൈറ്റിലെ ഒരു ശുദ്ധജല പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈറ്റ് അറിയിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടാതെ, കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വീടുകള്‍ക്കും ട്രെയിന്‍ സ്റ്റേഷനും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇറാന്റെ ഏറ്റവും ഉയരം കൂടിയ പാലം കഴിഞ്ഞ ദിവസം അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ വൈദ്യുതി നിലയങ്ങളാണ് അടുത്ത ലക്ഷ്യമെന്ന് മുന്നറിയിപ്പ് നല്‍കി. 'നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ. ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം. ഇറാന്റെ നേതൃത്വം എത്രയും വേഗം തീരുമാനമെടുക്കണം,' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാനെ 'ശിലായുഗത്തിലേക്ക്' മടക്കി അയക്കുമെന്ന ട്രംപിന്റെ പ്രയോഗം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ഇറാന്റെ തിരിച്ചടി.
യുദ്ധം മുറുകിയതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. പാകിസ്ഥാനില്‍ പെട്രോള്‍ വില ഒറ്റയടിക്ക് 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയെത്തുടര്‍ന്ന് ജനങ്ങള്‍ യാത്രാ പരിപാടികള്‍ റദ്ദാക്കുകയാണ്. ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വീടുകള്‍ക്കും ട്രെയിന്‍ സ്റ്റേഷനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
