കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം

കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു

Update: 2026-04-03 11:34 GMT

ടെഹ്‌റാന്‍: ഇറാനെതിരെ ആക്രമണം നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്ന ശൈലിയാണ് ഇറാന്‍ സ്വീകരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനം അടക്കം വീഴ്ത്തികൊണ്ട് ഇറാന്‍ തങ്ങള്‍ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. കൃത്യതയോടെയുള്ള ആക്രമണത്തില്‍ കേന്ദ്രം പൂര്‍ണമായി തകര്‍ത്തതായി ഇറാനിലെ തസ്‌നിം വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഐആര്‍ജിസിയുമായി ബന്ധമുള്ള ഏജന്‍സിയാണ് തസ്‌നിം. ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ തസ്‌നിം ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ടെല്‍ അവീവ് മേഖലയിലെ ഒമ്പത് സ്ഥലങ്ങളിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു റെയില്‍വെ സ്റ്റേഷനും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി.

സാവിഡോര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നാശനഷ്ടങ്ങളുണ്ടായതായി ഇസ്രയേലി ടെലിവിഷനായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളും ഇറാനും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റും എണ്ണ ശുദ്ധീകരണശാലയും ഇറാന്‍ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടര്‍ന്നാല്‍ പ്രാദേശിക ഊര്‍ജ്ജ സൗകര്യങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ ശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുടെ എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍. മധ്യ ഇറാനിലെ ആകാശപരിധിയില്‍ വെച്ച് വിമാനം തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നത്.

ഐ.ആര്‍.ജി.സിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം പൂര്‍ണ്ണമായും തകര്‍ന്ന് നിലംപതിച്ചതായും സ്‌ഫോടനത്തിന്റെ ആഘാതം കാരണം പൈലറ്റ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ പൈലറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം ഇറാന്റെ ഈ അവകാശവാദത്തോട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ നടന്ന സമാനമായ സംഭവത്തില്‍ സാങ്കേതിക തകരാര്‍ മൂലം വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാല്‍ ഇറാന്റെ പുതിയ അവകാശവാദം ശരിയാണെങ്കില്‍ അത് അമേരിക്കയുടെ വ്യോമമേധാവിത്വത്തിന് ഏല്‍ക്കുന്ന വലിയ തിരിച്ചടിയായിരിക്കും.

തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രമേയത്തിന്മേല്‍ ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. മേഖലയില്‍ പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.

യു.എസ് സൈനിക നേതൃത്വത്തിലും വലിയ മാറ്റങ്ങളാണ് ഇതിനിടെ സംഭവിക്കുന്നത്. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്‌സെത്തിന്റെ ഈ അപ്രതീക്ഷിത നടപടി.

ഗള്‍ഫിലേക്ക് ഇറാന്‍ ആക്രമണം വര്‍ധിക്കുന്നു. കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് ഇന്ന് ആക്രമണമുണ്ടായത്. യുഎഇയിലെ അബൂദബിയില്‍ രണ്ടിടത്ത് ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതോടെ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അജ്ബാന്‍ മേഖലയിലും ആക്രമണമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഡ്രോണാക്രമണമുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തന യൂണിറ്റുകളില്‍ തീപിടിത്തമുണ്ടായതായും എന്നാല്‍ പരിക്കുകളൊന്നുമില്ലെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. അടിയന്തര പ്രതികരണ സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചതിനാല്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം, കുവൈത്ത് എന്‍വിറോണ്‍മെന്റ് പബ്ലിക് അതോറിറ്റിയുമായി(കെഇപിഎ) ചേര്‍ന്ന് വായുഗുണനിലവാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ ഒരു പ്രതികൂല ആഘാതവും രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു. അതേസമയം, വൈദ്യുതി ഉല്‍പാദന-ജല ശുദ്ധീകരണ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി മന്ത്രാലയം. അടിയന്തരവ സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, സൗദിയിലേക്കെത്തിയ 15 ഡ്രോണുകള്‍ തകര്‍ത്തായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ എവിടെയാണ് ഡ്രോണുകള്‍ പ്രതിരോധിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ദുബൈയിലെ ക്ഷേത്രവും ഗുരുദ്വാരയും അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആരാധനാലയങ്ങള്‍ തുറക്കില്ല.

Tags:    

Similar News