'എസ്ഡിപിഐ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടി; ബിജെപിയാണ് വര്‍ഗീയ കക്ഷി'; എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്റഫ്; മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട് ഒരു മണ്ഡലത്തിലും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുകയില്ല എന്ന വി ഡി സതീശന്റെ നിലപാടിന് വിരുദ്ധം; ഫോട്ടോ ഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ നിര്‍ണായകം
'എസ്ഡിപിഐ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടി; ബിജെപിയാണ് വര്‍ഗീയ കക്ഷി';
മഞ്ചേശ്വരം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് എസ്പിഡിഐ വോട്ടു വാങ്ങാന്‍ സന്നദ്ധത അറിയിച്ചു യുഡിഎഫ് സ്ഥാനാര്‍ഥി എ കെ എം അഷ്‌റഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളിക്കൊണ്ടാണ് മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഈ നിലപാട് കൈക്കൊണ്ടത്. ഒരു പടി കടന്ന് എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയല്ലെന്നും അഷ്‌റഫ് പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്റഫ് പറഞ്ഞു. എസ്ഡിപിഐ സെക്യുലര്‍ പാര്‍ട്ടിയാണെന്നും ബിജെപിയാണ് വര്‍ഗീയ കക്ഷിയെന്നും എകെഎം അഷ്റഫ് പറഞ്ഞു. റുബിഗ് ടിവി'ക്ക് നല്‍കിയ പ്രതികരണത്തിലാണ് അഷ്റഫ് നിലപാട് വ്യക്തമാക്കിയത്.
ഒരു മണ്ഡലത്തിലും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുകയില്ല എന്നത് യുഡിഎഫ് തീരുമാനമാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഈ നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു അഷ്റഫിന്റെ പ്രതികരണം. മഞ്ചേശ്വരം മണ്ഡലം എല്ലായ്‌പ്പോഴും ശക്തമായ ത്രികോണ രാഷ്ട്രീയ മത്സരത്തിന് വേദിയായിട്ടുള്ളതാണ്. യുഡിഎഫ്, ബിജെപി, എല്‍ഡിഎഫ് എന്നിവയ്ക്ക് പുറമെ എസ്ഡിപിഐക്കും ചില മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ എസ്ഡിപിഐയെ കുറിച്ചുള്ള അഷ്‌റഫിന്റെ നിലപാട് മാറ്റം രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെ കാണുകയാണ്. നേരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതും ലീഗിന്റെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എ.കെ.എം അഷ്‌റഫും മുസ്ലിം ലീഗും ശക്തമായി എതിര്‍ത്തത് ബിജെപിയെയും ഒപ്പം എസ്ഡിപിഐയെയും ആയിരുന്നു. പ്രത്യേകിച്ച് എസ്ഡിപിഐക്കെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങളാണ് ലീഗ് നേതാക്കള്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയായി കെ.എം അഷ്‌റഫിനെ രംഗത്തിറക്കിയത്. ഇതോടെ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടുകയും അതുവഴി ബിജെപിക്ക് നേട്ടമുണ്ടാകാമെന്ന വിലയിരുത്തലുകളും ശക്തമായി ഉയര്‍ന്നിരുന്നു. ചില ലീഗ് നേതാക്കള്‍ എസ്ഡിപിഐ സംസ്ഥാന നേൃത്വവുമായി ആശങ്ക പങ്കുവെച്ചു. ഇതോടെയാണ് എസ്ഡിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.
ഔദ്യോഗികമായി ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ എസ്ഡിപിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബിജെപിയെ ചെറിക്കാന്‍ മുസ്ലിംലീഗിന് തന്നെ പിന്തുണ നല്‍കാനാണ് സാധ്യത. ഈ സാധ്യത ഉറപ്പിക്കാനാണ് എ.കെ.എം അഷ്‌റഫിന്റെ പുതിയ പ്രതികരണം പുറത്തുവന്നത്. എസ്ഡിപിഐയെ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചതോടെ ഇരുകക്ഷികള്‍ക്കുമിടയിലെ രാഷ്ട്രീയ അകലം കുറയുന്ന സൂചനകളാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം എസ്ഡിപിഐയെ വെള്ളപൂശുന്ന സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെക്കും. നേരത്തെ അഷറഫ് തന്നെ കടുത്ത വിമര്‍ശനം നടത്തിയിരുന്ന പാര്‍ട്ടിയെക്കുറിച്ചുള്ള ഇത്തരമൊരു മൃദുവായ സമീപനം തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായിരിക്കാമെന്ന വിലയിരുത്തലുമുണ്ട്.
മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാനിടയുള്ള ഘടകമാണ്. ഈ പശ്ചാത്തലത്തില്‍ എസ്ഡിപിഐയുടെ നിലപാട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അഷ്‌റഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമോയെന്നതാണ് ഇനി രാഷ്ട്രീയ വൃത്തങ്ങള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യം. എസ്ഡിപിഐയില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. വോട്ടെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ അവസാന നിമിഷങ്ങളില്‍ ഉണ്ടാകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ മണ്ഡലത്തിലെ ഫലം നിര്‍ണ്ണയിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
എ.കെ.എം അഷ്‌റഫിന്റെ പ്രസ്താവന മഞ്ചേശ്വരത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ കൗതുകകരമാക്കുകയും, രാഷ്ട്രീയ മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ചോദ്യത്തെ വീണ്ടും ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യമായിട്ടാണ് ഒരു ലീഗ് നേതാവ് എസ്ഡിപിഐക്ക് വര്‍ഗ്ഗീയ പട്ടം ഒഴിവാക്കി മതേതര പട്ടം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വോട്ടുകള്‍ക്ക് വേണ്ടി ലീഗ് നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണെന്ന വിമര്‍ശനവും രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്.
നേരത്തെ എസ്ഡിപിഐ പിന്തുണ ചോദിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്‍ഡിഎഫിന് പുറത്ത് ആരുടെ പിന്തുണയും തേടിയിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലര്‍ വോട്ടുചെയ്തിട്ടുണ്ടാകും അത് ഏതെങ്കിലും കരാറിന്റെ ഭാഗമായിട്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേമത്ത് വി.ശിവന്‍കുട്ടിയും എസ്ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് എവിടെ നിലപാടെടുത്തെന്നുവെന്നും മുഖ്യമന്ത്രിയുടെ ചോദ്യം. യുഡിഎഫ് പരസ്യ നിലപാട് എടുത്തല്ലോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
