പേരയ്ക്ക പറിച്ചതിന് ക്രൂരശിക്ഷ; പത്തുവയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് കെട്ടിയിട്ട് മർദിച്ചു, കരച്ചിൽ കേട്ടിട്ടും മനസ്സ് അലിഞ്ഞില്ല; വിമുക്തഭടന്റെ ക്രൂരത പുറത്തുകൊണ്ടുവന്ന് നേവി ഉദ്യോഗസ്ഥൻ; മുൻ സൈനികനെതിരെ കേസെടുത്ത് പോലീസ്

Update: 2026-04-06 07:22 GMT

ഉന: വീട്ടുമുറ്റത്തെ മരത്തിൽനിന്ന് പേരയ്ക്ക പറിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളോട് മുൻ സൈനികന്റെ ക്രൂരത. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ചങ്ങലയ്ക്കിട്ട് മർദിക്കുകയും ഗോവണിയോട് ചേർത്ത് കെട്ടിയിടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വിമുക്തഭടനായ പ്രദേശവാസി തന്റെ വീട്ടുവളപ്പിലെ മരത്തിൽനിന്ന് അനുവാദമില്ലാതെ പേരയ്ക്ക പറിച്ചതിനാണ് പെൺകുട്ടിയെ പിടികൂടിയത്. തുടർന്ന് കുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർത്ത് ചങ്ങല ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. തന്നെ കെട്ടഴിച്ചുവിടണമെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് പെൺകുട്ടി നിർത്താതെ കരയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, കുട്ടിയുടെ കരച്ചിൽ കേട്ടിട്ടും ഇയാൾ മനംമാറ്റത്തിന് തയ്യാറായില്ല.

പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഈ ക്രൂരകൃത്യം ആദ്യം കണ്ടത്. അദ്ദേഹം ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വിമുക്തഭടനെ ചോദ്യം ചെയ്തെങ്കിലും, തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഒടുവിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചതോടെയാണ് കുട്ടിക്ക് മോചനം ലഭിച്ചത്. പോലീസ് എത്തുമെന്നായപ്പോൾ വിമുക്തഭടൻ കുട്ടിയെ അഴിച്ചുവിടുകയും കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. പ്രതിയായ വിമുക്തഭടനെ ചോദ്യം ചെയ്യുകയും പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News