അയ്യോ..ഓടിക്കോ ഇവന് ഭ്രാന്ത് ആയാട..! മനുഷ്യന് സഹിക്കാൻ കഴിയാത്ത വിധം അവസ്ഥയിൽ റോബോട്ട്; പ്ലേറ്റുകൾ അടിച്ചുപൊട്ടിച്ചു; പിന്നെ കുറച്ച് കഴിഞ്ഞതും ഡാൻസ്; തലയിൽ കൈവച്ച് ജീവനക്കാർ
സാക്രമെന്റോ: കാലിഫോർണിയയിലെ സാൻ ജോസിലുള്ള പ്രമുഖ റെസ്റ്റോറന്റായ ഹൈഡിലാവോയിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് നിയന്ത്രണം വിട്ട് അക്രമാസക്തനായി, പരിഭ്രാന്തി പരത്തി. കൗണ്ടറിലിരുന്ന പ്ലേറ്റുകൾ തല്ലിപ്പൊട്ടിക്കുകയും അനിയന്ത്രിതമായി കൈകൾ വീശുകയും ചെയ്ത റോബോട്ടിനെ ഏറെ പണിപ്പെട്ടാണ് ജീവനക്കാർ കീഴ്പ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഡിസ്‌നിയുടെ 'സൂട്ടോപ്പിയ'യുമായുള്ള സഹകരണത്തിന്റെ ഭാഗമായി അതിഥികളെ രസിപ്പിക്കാനായി റെസ്റ്റോറന്റിൽ എത്തിച്ച ചൈനീസ് നിർമ്മിത വിനോദ റോബോട്ടായിരുന്നു ഇത്. ഓറഞ്ച് നിറത്തിലുള്ള ഏപ്രൺ ധരിച്ച ഈ റോബോട്ടിന്റെ നെഞ്ചിൽ 'ഐ ആം ഗുഡ്' എന്ന് രേഖപ്പെടുത്തിയിരുന്നു. സാധാരണയായി അതിഥികളെ സ്വാഗതം ചെയ്യാനും നൃത്തം ചെയ്യാനും ഉപയോഗിക്കുന്ന ഈ റോബോട്ട് പെട്ടെന്ന് തകരാറിലാവുകയായിരുന്നു. റോബോട്ട് കൈകൾ വീശി നൃത്തം തുടരുകയും അടുക്കിവെച്ചിരുന്ന പ്ലേറ്റുകൾ താഴെയിട്ട് പൊട്ടിക്കുകയും ചെയ്തു. ഒരു ജീവനക്കാരി റോബോട്ടിനെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നൃത്തം ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് റോബോട്ട് നിയന്ത്രണം വിടാൻ കാരണമെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു. സിസ്റ്റം ഹാങ് ആയതുകൊണ്ടോ അടിയന്തരമായി ഓഫ് ചെയ്യാൻ സാധിക്കാത്തതുകൊണ്ടോ ആകാം ഈ സാഹചര്യം ഉടലെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ രസകരമായതും ഗൗരവകരമായതുമായ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ 'റോബോട്ടിന് ലഹരി തലയ്ക്ക് പിടിച്ചോ?' എന്നും 'ജോലിഭാരം കാരണം മടുത്തു കാണും' എന്നും പരിഹസിച്ചപ്പോൾ, അടിയന്തര സാഹചര്യങ്ങളിൽ റോബോട്ടുകളെ ഉടനടി പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്ന ഒരു 'എമർജൻസി സ്റ്റോപ്പ്' ബട്ടൺ ഇത്തരം യന്ത്രങ്ങൾക്ക് നിർബന്ധമാക്കണമെന്ന ഗൗരവകരമായ ആവശ്യങ്ങളും ഉയർന്നു.