ഇസ്രയേല്‍ ബന്ധത്തെ വിമര്‍ശിച്ചു, മൊറോക്കന്‍ റാപ്പര്‍ സുഹൈബ് ഖബ്ലിക്ക് തടവ് ശിക്ഷ

ഇസ്രയേല്‍ ബന്ധത്തെ വിമര്‍ശിച്ചു, മൊറോക്കന്‍ റാപ്പര്‍ സുഹൈബ് ഖബ്ലിക്ക് തടവ് ശിക്ഷ

Update: 2026-03-29 12:35 GMT

റബാത്ത്: മൊറോക്കന്‍ ഗവണ്‍മെന്റിനെയും ഇസ്രായേലുമായുള്ള ബന്ധത്തെയും വിമര്‍ശിച്ചതിന് 23 കാരനായ റാപ്പര്‍ സുഹൈബ് ഖബ്ലിക്ക് തടവും പിഴയും. 'ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിച്ചു' എന്ന കുറ്റം ചുമത്തി മൊറോക്കന്‍ കോടതി ഗായകനെതിരെ എട്ടുമാസം തടവുശിക്ഷയും 106 യുഎസ് ഡോളര്‍ പിഴയും വിധിച്ചു.

'ഘ7 അമൈഹ' എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഖബ്ലി, വടക്കന്‍ മൊറോക്കോയിലെ താസ നഗരത്തില്‍ നിന്നുള്ള കലാകാരനാണ്. 2020-ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ മൊറോക്കോയും ഇസ്രായേലും തമ്മിലുണ്ടാക്കിയ അബ്രഹാം ഉടമ്പടിയെ ഖബ്ലി തന്റെ പാട്ടുകളിലൂടെ ശക്തമായി എതിര്‍ത്തിരുന്നു. കൂടാതെ സര്‍ക്കാര്‍ അഴിമതി, അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള നിയന്ത്രണങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ വരികളില്‍ വിഷയമായിരുന്നു. റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗില്‍ വിദ്യാര്‍ഥിയാണ് ഗായകന്‍.

വെസ്റ്റേണ്‍ സഹാറ മേഖലയിലെ മൊറോക്കോയുടെ അവകാശവാദത്തിന് അമേരിക്ക അംഗീകാരം നല്‍കിയതിന് പകരമായാണ് 2020-ല്‍ മൊറോക്കോ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്. ഇതിനെതിരെ മൊറോക്കോയിലെ പലസ്തീന്‍ അനുകൂലികള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

സമാധാനപരമായ രീതിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഖബ്ലി കോടതിയില്‍ പറഞ്ഞു. മനുഷ്യാവകാശ സംഘടനകള്‍ ഈ നടപടിയെ രാഷ്ട്രീയ പ്രേരിതമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നടപടിയെന്നും വിശേഷിപ്പിച്ചു. വിധി വന്നതിന് പിന്നാലെ നിരവധി പേര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Tags:    

Similar News