ഇറാന്‍ വഴി മുട്ടിച്ചാല്‍ സൗദിയും യുഎഇയും വഴി തുറക്കും! കടല്‍ വഴി മാത്രമല്ല, ഇനി കരയിലൂടെയും ചരക്കുനീക്കം; ഹോര്‍മുസിനെ വെട്ടിക്കാന്‍ പുതിയ 'മാസ്റ്റര്‍ പ്ലാന്‍'; വിതരണ ശൃംഖല തകരാതിരിക്കാന്‍ പുതിയ വ്യാപാര ഇടനാഴി

Update: 2026-03-25 16:40 GMT

ദോഹ: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാവുകയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത ഭീഷണി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ബദല്‍ ചരക്കുഗതാഗത പാതയുമായി യു.എ.ഇയും സൗദി അറേബ്യയും. മേഖലയിലെ സംഘര്‍ഷങ്ങള്‍ സപ്ലൈ ചെയിനെ ബാധിക്കാതിരിക്കാന്‍ പുതിയ കര-കടല്‍ വ്യാപാര ഇടനാഴി വികസിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. സൗദി പോര്‍ട്‌സ് അതോറിറ്റിയായ 'മവാനി'യും ഷാര്‍ജ ആസ്ഥാനമായ 'ഗള്‍ഫ്ടൈനറും' ചേര്‍ന്നാണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

പുതിയ പദ്ധതി പ്രകാരം ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തെ സൗദിയിലെ ദമ്മാമുമായി നേരിട്ട് ബന്ധിപ്പിക്കും. കടല്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ ഗതാഗത സംവിധാനം നിലവിലുള്ള റൂട്ടുകളെ അപേക്ഷിച്ച് ചരക്ക് നീക്കത്തിനുള്ള സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ കൊമേഴ്ഷ്യല്‍ ടെര്‍മിനല്‍, സജാ ഡ്രൈ പോര്‍ട്ട് തുടങ്ങിയ ലോജിസ്റ്റിക് കേന്ദ്രങ്ങളെ ഈ ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്കുകള്‍ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുമെന്ന് 'മവാനി' അധികൃതര്‍ വ്യക്തമാക്കുന്നു.

ലോകത്തെ എണ്ണക്കടത്തിന്റെയും ചരക്കുനീക്കത്തിന്റെയും ജീനാഡിയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തടസ്സങ്ങള്‍ നേരിടുന്നത് ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. ഒമാന്‍ ഉള്‍ക്കടലിനെയും പേര്‍ഷ്യന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് ലോകത്തെ 20 ശതമാനത്തിലധികം എണ്ണ വിതരണവും നടക്കുന്നത്. യുദ്ധം കാരണം ഈ പാത സുരക്ഷിതമല്ലാതായാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ആഘാതം മറികടക്കാനാണ് യു.എ.ഇയും സൗദിയും സംയുക്തമായി പുതിയ നീക്കം നടത്തുന്നത്.

എത്രത്തോളം ചരക്കുകള്‍ ഈ പാതയിലൂടെ കൈമാറ്റം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലെ വിപണി പ്രവേശനവും വിതരണ ശൃംഖലയുടെ സ്ഥിരതയും ഉറപ്പാക്കാന്‍ ഈ നീക്കം അത്യന്താപേക്ഷിതമാണ്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ധന-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പുതിയ വ്യാപാര ഇടനാഴി വലിയൊരു സുരക്ഷാകവചമായി മാറും. ഇതിലൂടെ യുദ്ധകാലത്തെ വെല്ലുവിളികളെ അതിജീവിച്ച് വ്യാപാരം സുഗമമാക്കാന്‍ സാധിക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ.

Similar News