നിരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്റര്‍ അപകടം; ഏഴാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി
ദോഹ: ഖത്തര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി. സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരും മരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ ആറു പേരുടെ മൃതദേഹങ്ങള്‍ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.
വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. നിരീക്ഷണ പറക്കലിനിടെ ശനിയാഴ്ച രാത്രി സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.