ദയാവധത്തിന് അനുമതിയില്ല; വോട്ടിംഗിനൊടുവില്‍ ചരിത്ര പ്രമേയം തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
ദയാവധത്തിന് അനുമതിയില്ല; വോട്ടിംഗിനൊടുവില്‍ ചരിത്ര പ്രമേയം തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
എഡിന്‍ബര്‍ഗ്: ലിയാം മെക്ആര്‍തര്‍ കൊണ്ടുവന്ന ദയാവധം നിയമവിധേയമാക്കുന്ന 'അസിസ്റ്റഡ് ഡൈയിംഗ് ഫോര്‍ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്‌സ് (സ്‌കോട്ട്‌ലാന്‍ഡ്) ബില്‍ 57 ന് എതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട്ടിഷ് പാര്‍ലമെന്റ് തള്ളി. താന്‍ വോട്ടിംഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലിന്മേല്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ എം പിമാര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഔദ്യോഗിക നിലപാട് എടുത്തിരുന്നില്ല.
ഇത് മൂന്നാം തവണയാണ് ദയാവധ നില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരാജയപ്പെടുന്നത്. നേരത്തേ മരണമടഞ്ഞ മാര്‍ഗോ മാക്‌ഡൊണാള്‍ഡും സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയുടെ സഹനേതാവ് പാട്രിക്ക് ഹാര്‍വിയും ഈ ബില്‍ അവതരിപ്പിച്ചപ്പോഴും അത് തള്ളിക്കളഞ്ഞിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് എം പി ജെറെമി പുര്‍വിസ് 2004 ല്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള, മാറാവ്യാധികള്‍ കൊണ്ട് വലയുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ സഹായിക്കണമോ എന്നായിരുന്നു എം പിമാരോട് ചോദിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച്ച പല ദിവസങ്ങളിലും പാതിരാത്രി വരെ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാര്‍ലമെന്റ് തള്ളിയത്. ബില്ലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട 175 ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഏറെ വികാരഭരിതമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ എം പിമാര്‍ ബില്‍ നിരാകരിക്കുകയായിരുന്നു. ഈ ബില്‍ ഒരുപക്ഷെ നിസ്സഹായര്‍ക്കും,. വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും എതിരെ പ്രയോഗിച്ചേക്കാം എന്ന ആശങ്കയാണ് ബില്ലിനെ എതിര്‍ത്തവര്‍ പ്രധാനമായും എടുത്തു കാണിച്ചത്.