ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും ഉണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
പ്രഭവ കേന്ദ്രത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ വരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുവാം, ജപ്പാന്‍, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, തായ്വാന്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി. നിലവില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലും കടല്‍നിരപ്പില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ 'റിംഗ് ഓഫ് ഫയര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ അവിടെ പതിവാകുന്നത്.