മൂന്ന് ബെഡ് റൂമുകളുള്ള ഫ്ലാറ്റാണ് വാങ്ങിയത്; അന്ന് മുതൽ അത്തരം കാര്യങ്ങളിൽ വലിയ താല്പര്യം കാണിക്കാത്ത ആളായി! ഭാര്യയുടെ വിവാഹമോചന ഹർജിയിൽ വിധി പറഞ്ഞ് കോടതി
സിംഗപ്പൂർ: 48 വർഷത്തെ ദാമ്പത്യബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് 70 വയസ്സുകാരനായ ഭർത്താവ് നൽകിയ ഹർജിയിൽ നിർണായക വിധി പുറപ്പെടുവിച്ച് സിംഗപ്പൂർ കോടതി. വിവാഹമോചനം അനുവദിച്ച കോടതി, ദമ്പതികളുടെ ഫ്ലാറ്റിന്‍റെ 90 ശതമാനം അവകാശം ഭാര്യക്ക് നൽകാൻ ഉത്തരവിട്ടു. ഫ്ലാറ്റിന്‍റെ 50 ശതമാനം ഓഹരി തനിക്ക് വേണമെന്ന ഭർത്താവിന്‍റെ ആവശ്യം കോടതി തള്ളി.
കുടുംബത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും സാമ്പത്തിക കാര്യങ്ങളും നിറവേറ്റിയിരുന്നത് ഭാര്യയായിരുന്നുവെന്നും, ഭർത്താവ് സ്വന്തം കാര്യങ്ങൾ മാത്രമാണ് നോക്കിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു. 24 വർഷത്തോളം ഇദ്ദേഹം ഭാര്യയിൽ നിന്ന് വേർപെട്ട് താമസിക്കുകയായിരുന്നുവെന്നും 1995ന് ശേഷം ജോലി ചെയ്തിരുന്നില്ലെന്നും കോടതി കണ്ടെത്തി.
ഭാര്യയുടെ 'മേധാവിത്വം' സഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 70-കാരൻ വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. താനും അമ്മയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്‍റെ 50 ശതമാനം ഓഹരി തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാൾ വാദിച്ചു. വിവാഹത്തിന് ഏഴ് വർഷം മുമ്പ് ഭർത്താവും അമ്മയും ചേർന്നാണ് മൂന്ന് കിടപ്പുമുറികളുള്ള ഈ ഫ്ലാറ്റ് വാങ്ങിയത്. 2022-ൽ അമ്മ മരിച്ചതോടെ ഫ്ലാറ്റിന്‍റെ പൂർണ്ണ ഉടമസ്ഥാവകാശം ഇദ്ദേഹത്തിന് ലഭിച്ചു. അമ്മയുടെ മരണശേഷം തൊട്ടുപിന്നാലെയാണ് ഇയാൾ വിവാഹമോചനത്തിന് അപേക്ഷിച്ചത്.
ഭർത്താവ് തന്നെ 2002-ൽ ഉപേക്ഷിച്ചു പോയതായി ചൂണ്ടിക്കാണിച്ച് അന്ന് നൽകിയ പരാതി ഭാര്യ കോടതിയിൽ ഹാജരാക്കി. കൂടാതെ, 1995-ന് ശേഷം ഭർത്താവ് ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നുവെന്നും കുടുംബത്തിന്‍റെ മുഴുവൻ സാമ്പത്തിക ഭാരവും താൻ ഒറ്റയ്ക്കാണ് വഹിച്ചതെന്നും ഭാര്യ ബോധിപ്പിച്ചു. ജോലിക്കുപോയി വന്നതിന് ശേഷം കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും താൻ തന്നെയാണ് നോക്കിയിരുന്നതെന്നും, പലപ്പോഴും ഭർത്താവ് തന്‍റെ പണം മോഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.
എന്നാൽ, താൻ കുട്ടികളെ നോക്കി വീടിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാലാണ് ഭാര്യക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നായിരുന്നു ഭർത്താവിന്‍റെ വാദം. ഇത് ഭാര്യയുടെ വാദങ്ങൾക്കും കോടതി കണ്ടെത്തിയ വസ്തുതകൾക്കും വിരുദ്ധമായിരുന്നു.