ബ്രസീലില്‍ ചെറുവിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്ന് വീണ് തീപിടിച്ചു; നാലു പേര്‍ കൊല്ലപ്പെട്ടു: അപകടം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച്
ബ്രസീലില്‍ ചെറുവിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്ന് വീണ് നാലു പേര്‍ കൊല്ലപ്പെട്ടു
ബ്രസീലിയ: തെക്കന്‍ ബ്രസീലില്‍ ചെറുവിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്ന് വീണ് തീപിടിച്ചു നാലു പേര്‍ വെന്തുപരിച്ചു. ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിലാണ് അപകടം. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമുണ്ടായ അപകടത്തില്‍ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുമ്പോള്‍ രണ്ട് പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും കാണാം. അപകടത്തിനു പിന്നാലെ പരിസരവാസികളെ സിവില്‍ ഡിഫന്‍സ് സംഘം ഒഴിപ്പിച്ചു. സമീപത്തെ ഒരു കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവര്‍ണര്‍ എഡ്വേര്‍ഡോ ലൈറ്റ് പറഞ്ഞു. മധ്യ മെക്‌സിക്കോയിലെ പ്യൂബ്ല നഗരത്തിനു സമീപം സമാനമായ മറ്റൊരു വിമാനാപകടത്തില്‍ നാല് പേര്‍ മരിച്ച് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ് ഈ അപകടം നടന്നത്.