ആര്..പറഞ്ഞു ഞാൻ ഒളിച്ചോടിയെന്ന്; ഒരിടത്തും പോകുന്നില്ല...കൃത്യ സമയത്ത് നിങ്ങൾ പറയുന്ന സ്ഥലത്തെത്തും! ഒട്ടും ഭയമില്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ആ ഗുണ്ടാനേതാവ്; പെട്ടെന്ന് പ്രദേശം മുഴുവൻ വളഞ്ഞ് പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതും വെടിവെയ്പ്പ്; പരസ്യ വെല്ലുവിളിയിൽ സംഭവിച്ചത്
പട്ന: ബീഹാറിലെ മോത്തിഹാരിയിൽ പോലീസിന് നേരെ പരസ്യമായി വെല്ലുവിളി ഉയർത്തിയ കുപ്രസിദ്ധ ഗുണ്ടാതലവൻ കുന്ദൻ താക്കൂർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുന്ദൻ താക്കൂറിനെ കൂടാതെ രണ്ട് ക്രിമിനലുകൾ കൂടി കൊല്ലപ്പെട്ടു. നിർഭാഗ്യവശാൽ, ഈ ഓപ്പറേഷനിടെ ഒരു എസ്ടിഎഫ് (STF) ജവാനും ജീവൻ നഷ്ടമായി.
ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്പ് കുന്ദൻ താക്കൂർ ചക്കിയ പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷൻ ഓഫീസറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് കുന്ദൻ താക്കൂറിന്റെ ധിക്കാരപരമായ നിലപാട് ലോകമറിഞ്ഞത്. താൻ ഒളിച്ചോടുകയില്ലെന്നും, പോലീസിന് ഇഷ്ടമുള്ള സമയവും സ്ഥലവും നിശ്ചയിക്കാമെന്നും അവിടെ താൻ നേരിട്ടെത്തുമെന്നുമായിരുന്നു വെല്ലുവിളി. തന്നെ പിടികൂടാനുള്ള ശ്രമത്തിനിടെ പത്തോളം പോലീസുകാർ കൊല്ലപ്പെടുമെന്നും താൻ രക്ഷപ്പെടുമെന്നും ഇയാൾ വീരവാദം മുഴക്കിയിരുന്നു.
കൂടാതെ, തന്റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച കുന്ദൻ താക്കൂർ, പോലീസുകാരുടെ കുടുംബങ്ങളെയും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. "യഥാർത്ഥ ഗുണ്ടായിസം എന്താണെന്ന് ഞാൻ കാണിച്ചുതരാം" എന്നായിരുന്നു ഇയാളുടെ വാക്കുകൾ.
കുന്ദൻ താക്കൂറിന്റെ ഒളിത്താവളത്തെക്കുറിച്ച് രഹസ്യവിവര ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ക്രിമിനലുകൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്നാണ് പോലീസ് തിരിച്ചടിച്ചത്. വെടിവെപ്പിനിടെ പരിക്കേറ്റ എസ്ടിഎഫ് ജവാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവെപ്പിൽ കുന്ദൻ താക്കൂറും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സഹായികളും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഈ പ്രദേശം കുറച്ചുനേരത്തേക്ക് യുദ്ധക്കളത്തിന് സമാനമായ വെടിവെപ്പിന് സാക്ഷ്യം വഹിച്ചു.
കുറ്റവാളികൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത വീട്ടുയുടമ ഉജ്ജ്വൽ കുമാറിനെയും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഗുണ്ടാസംഘവുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ സംഭവത്തിന് ശേഷം മേഖലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്തിരുന്ന ഒരു കൊടും ക്രിമിനലിന്റെ അന്ത്യമാണ് ഇതിലൂടെ സംഭവിച്ചതെന്ന് ഈസ്റ്റ് ചമ്പാരൻ എസ്പി സ്വർണ്ണ പ്രഭാത് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെതിരെയുള്ള ഭീഷണി വെറും വാക്കല്ലെന്ന് തെളിയിക്കാൻ ശ്രമിച്ച കുന്ദൻ താക്കൂറിന് ഒടുവിൽ നിയമത്തിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ഈ ഓപ്പറേഷനിൽ ജീവൻ ബലി നൽകിയ ജവാന്റെ വേർപാടിൽ പോലീസ് സേന ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി.
