ദുബായില്‍ വച്ച് ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ; യുവ ബിസിനസുകാരനായ ജുനൈദിനെ വഞ്ചിച്ച് മുങ്ങിയത് പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ ദമ്പതികള്‍

ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ

Update: 2024-10-15 15:36 GMT

മലപ്പുറം: ദുബായില്‍ വിവിധ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അല്‍ ഖൈര്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന താനൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് സര്‍വീസ് പാക്കേജുകള്‍ക്കായി വാങ്ങിച്ച 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. താനൂര്‍ വൈദ്യരകത്ത് ജുനൈദാണ് പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശികളാല്‍ വഞ്ചിക്കപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്.

ജുനൈദിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആരോഗ്യ സേവന മേഖലയില്‍ വിജയകരമായി മുന്നേറവെയാണ് 2021ല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്/പാക്കേജ് മേഖലയിലേക്ക് കൂടി പ്രവേശിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ ബ്രോക്കറേജ് സര്‍വീസ് നടത്തിവരുന്ന പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശികളായ ദമ്പതികളുമായി പരിചയപ്പെടുന്നതും അവര്‍ നല്‍കിയ ഉറപ്പിന്റെയടിസ്ഥാനത്തില്‍ അവര്‍ മുഖേന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് / പാക്കേജ് സര്‍വീസ് ആരംഭിക്കുകയും ചെയ്യുന്നത്.

തുടക്കത്തില്‍ നല്ല നിലയില്‍ പദ്ധതി മുന്നോട്ടു പോയെങ്കിലും പിന്നീട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം വിവിധ ആശുപത്രികളില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്വേഷണത്തില്‍ ഇടനിലക്കാരനായി ബ്രോക്കറേജ് സര്‍വീസ് നടത്തിയിരുന്ന ദമ്പതികളുടെ വീഴ്ച കാരണമാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്.

ഇവര്‍ക്ക് നല്‍കിയ 40 ഉപഭോക്താക്കളുടെ ഗര്‍ഭകാല ചികിത്സ പദ്ധതിയുടെ തുക യഥാസമയം അവര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു രേഖകള്‍ തരാതെ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്തതെന്നാണ് ജുനൈദ് പറയുന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നും ഇല്ലാതാവുകയും അവര്‍ നാട്ടിലേക്ക് മുങ്ങുകയുമാണ് ഉണ്ടായത്. ഇവര്‍ക്ക് കൈമാറിയ തുക മനപ്പൂര്‍വ്വം ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്ക്കാതെ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും ജുനൈദും കുടുംബവും താനൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെയടിസ്ഥാനത്തില്‍ യു.എ.ഇയില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരാളെ കൂടി പണമിടപാടില്‍ വഞ്ചിച്ചതായുള്ള കേസ് നിലവിലുള്ളതിനാല്‍ ഇവര്‍ക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇയിലേക്ക് ഇവര്‍ തിരിച്ചെത്താനുള്ള സാധ്യതയില്ല എന്നാണ് മനസ്സിലാകുന്നത്. ദമ്പതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പല ഘട്ടങ്ങളിലായി തുക നിക്ഷേപിച്ചത്. 27 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യം വരുന്ന തുകയും കൂടാതെ പദ്ധതിയുടെ ഭാഗമായ ഉപഭോക്താക്കള്‍ക്ക് ആശുപത്രി ചെലവുകളുടെ ഇനത്തില്‍ വന്ന നഷ്ടം നികത്തിക്കൊടുക്കുന്നതിനായി ചെലവഴിച്ച 7 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള തുകയുമടക്കം ആകെ 34 ലക്ഷം രൂപയാണ് ജുനൈദിന് നഷ്ടമായത്.

പണം കൈമാറിയതിന്റെ മുഴുവന്‍ തെളിവുകളും ഇതോടനുബന്ധിച്ച് നടന്ന വാട്ട്സാപ്പ് ചാറ്റുകളും കൈവശമുണ്ടെന്നാണ് ജുനൈദ് പറയുന്നത്. നാട്ടിലെത്തി ദമ്പതികളെ മധ്യസ്ഥന്മാര്‍ മുഖേനയും അല്ലാതെയും നേരില്‍ കണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും അവരുടെ പ്രതികരണം അങ്ങേയറ്റം മോശമായിരുന്നുവെന്നാണ് ജുനൈദും ബന്ധുക്കളും പറയുന്നത്. പട്ടിക്കാട് സ്വദേശികളായ ദമ്പതികള്‍ നാട്ടില്‍ പുതുതായി പണികഴിപ്പിച്ച വീടും സ്വന്തം സ്ഥാപനങ്ങളും കോടികളുടെ മൂല്യമുള്ളവയാണെന്നും പറയുന്നുണ്ട്.

യു.എ.ഇയില്‍ നല്‍കിയ പരാതിയുടെ കൂടിയടിസ്ഥാനത്തില്‍ ഞായറാഴ്ച താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ നല്ല സര്‍വീസായിരുന്നു ദമ്പതികള്‍ നടത്തിയിരുന്നതെന്ന് സമ്മതിക്കുന്ന ജുനൈദ് ഇവര്‍ പൊടുന്നനെ ഇത്തരമൊരു സമീപനം സ്വീകരിക്കാനിടയായ സാഹചര്യം എന്താണെന്നറിയില്ലെങ്കിലും അതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുകയാണ്. ഭീമമായ നഷ്ടം സാമ്പത്തിക അടിത്തറ തകര്‍ക്കുക മാത്രമല്ല ഈ യുവ സംരംഭകന്‍ പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ന്നടിയാന്‍ കൂടി കാരണമായി.

ഇതിന് കാരണക്കാരായ വ്യക്തികള്‍ സ്വമേധയാ മുമ്പോട്ട് വന്ന് രമ്യമായി പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകണമെന്നാണ് ജുനൈദിന് അഭ്യര്‍ത്ഥിക്കാനുള്ളത്. 2024 നവംബര്‍ 15 നകം പരിഹാരമുണ്ടാകാത്ത പക്ഷം ജുനൈദിന്റെ സ്പോണ്‍സറും ബിസിനസ് പങ്കാളിയുമായ യു.എ.ഇ പൗരന്റെയും മധ്യസ്ഥരുടെയും മറ്റു അധികൃതരുടെയും നിര്‍ദ്ദേശാനുസരണം നാട്ടിലും യു.എ.ഇയിലും നിയമനടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നാണ് ജുനൈദ് പറയുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജുനൈദ് വൈദ്യരകത്ത്, പിതാവ് അബ്ദുല്‍ ഖാദര്‍ വൈദ്യരകത്ത് എന്നിവര്‍ പങ്കെടുത്തു.


Tags:    

Similar News