മലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്‌മാന്‍ താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍; രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വം
മലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം
കോഴിക്കോട്: മലപ്പുറത്തു എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം. മന്ത്രി അബ്ദുറഹിമാന്‍ താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനില്‍ക്കുകയാണെങ്കില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയില്‍ ആണ് കൂടുതല്‍ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റില്‍ മത്സരിക്കാന്‍ താല്പര്യമറിയിച്ചത്. നിര്‍ദ്ദേശങ്ങള്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറഹ്‌മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ താനൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാല്‍ തിരൂരങ്ങാടിയില്‍ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാല്‍ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചര്‍ച്ച നടത്തും. ആ സീറ്റ് സിപിഐ വിട്ടുകൊടുത്താല്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കില്‍ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരില്‍ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാര്‍ത്ഥി.
ഇതിനിടെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായോക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയത്തേയും പുറത്തുചാടിക്കാന്‍ സി.പി.എം നീക്കം. നിലവില്‍ ഐ.എന്‍.എല്ലിന്റെ മണ്ഡലമായ വള്ളിക്കുന്നില്‍ നിന്നും സി.പി.എം പിന്തുണയില്‍ ഷാഫി ചാലിയത്തെ മത്സരിപ്പിക്കാനാണ് നീക്കം. തന്നെ സമീപിച്ചതായി ഷാഫി ചാലിയം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ലീഗ് സ്ഥാനാര്‍ഥി പട്ടിക പൊതു സ്വീകാര്യത നേടിയിട്ടുണ്ടെന്നും അതിന് അവസരവും ഭാഗ്യവും ലഭിച്ച മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നുവെന്നും ഇന്ന് രാവിലെ ഷാഫി ചാലിയം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനിടെയിലാണ് ഷാഫിയെ സി.പി.എം. തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. വള്ളിക്കുന്നിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഷാഫി ചാലിയത്തെ ഇടതുപാളയത്തില്‍ എത്തിക്കാനാണ് സി.പി.എം ശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വം അദ്ദേഹത്തെ നേരിട്ട് സമീപിക്കുകയും ചെയ്‌തെന്ന അഭ്യൂഹങ്ങളുമുണ്ട്.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാര്‍ഥിയായ പി.എ.എം സമീറിനെതിരെ രണ്ടത്താണി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം ശ്രമം. ഇതുമായി ബന്ധപ്പെട്ട് എ.വിജയ രാഘവനടക്കമുള്ള സി.പി.എം നേതാക്കളുമായി രണ്ടത്താണി ചര്‍ച്ച നടത്തിയിട്ടുണ്ട്.
നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തി?ന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്‌മാന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ സി.പി.എം സമീപിച്ചത്.
ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അത് തിരുത്തുകയും ചെയ്തു.
അതിനിടെ നേതൃത്വത്തോട് ഇടഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇറങ്ങുന്ന അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ് രംഗത്തുണ്ട്. കൂടിക്കാഴ്ചയ്ക്കായി സാദിഖലി ശിഹാബ് തങ്ങള്‍ രണ്ടത്താണിയെ പണക്കാട്ടേക്ക് വിളിപ്പിച്ചു. ലീഗ് പ്രാദേശിക നേതാക്കളെ രണ്ടത്താണിയിലെ വീട്ടിലേക്ക് അയച്ചാണ് സാദിഖലി തങ്ങള്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ വിളിപ്പിച്ചത്. അതേസമയം, തന്നെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയും വ്യക്തമാക്കി.
