അജയ്യരെന്ന് കാട്ടാന്‍ ഇറാന്‍ നേതാക്കള്‍ റാലിയില്‍ പ്രത്യക്ഷപ്പെടുന്നത് മണ്ടത്തരം! പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉന്നമിട്ട് ഇസ്രയേല്‍; ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്‌സ്; വ്യോമാക്രണത്തില്‍ തകര്‍ത്തത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെ; ഇല്ലാതാക്കിയത് ഖമേനിയുടെ പ്രിയശിഷ്യനെ

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്‌സ്

Update: 2026-03-18 12:14 GMT

ടെഹ്റാന്‍: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. എന്നാല്‍, ഈ വാര്‍ത്ത ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണങ്ങളിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ അറിയിച്ചത്. ഇറാന്‍ ഭരണകൂടത്തിന് ഏറ്റവുമൊടുവില്‍ ലഭിച്ച കനത്ത പ്രഹരമാണിത്. ഉന്നത ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുമെന്നും ഇന്ന് കൂടുതല്‍ 'അമ്പരപ്പിക്കുന്ന നീക്കങ്ങള്‍' ഉണ്ടാകുമെന്നും ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

'ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രി ഖത്തീബിനെയും രാത്രിയില്‍ വധിച്ചു. ഇന്നും വിവിധ തലങ്ങളില്‍ നിര്‍ണ്ണായകമായ പലതും പ്രതീക്ഷിക്കാം. ഇറാനും ലെബനനിലെ ഹിസ്ബുള്ളയ്ക്കുമെതിരെ ഞങ്ങള്‍ നടത്തുന്ന യുദ്ധം ഇത് കൂടുതല്‍ ശക്തമാക്കും,' സുരക്ഷാ അവലോകനത്തിന് ശേഷം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇറാന്‍ സുരക്ഷാ തലവനായിരുന്ന അലി ലാരിജാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നതിനിടെയാണ് പുതിയ കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. ലാരിജാനിയെയും സൈനിക കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനിയെയും ഇന്നലെ വധിച്ചിരുന്നു. ഇതിന് മറുപടിയായി ഇസ്രായേലിനും ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അതിനിടെ, ബെയ്‌റൂട്ടിലെ ഒരു ബഹുനില കെട്ടിടത്തിന് നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തുകയും ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം തുടരുകയും ചെയ്യുന്നു.

ഇറാനില്‍ ഇസ്രയേല്‍-യുഎസ് സൈന്യങ്ങള്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ ഈ ഒറ്റ ദിവസം കൊണ്ട് സാധിച്ചതായി കാറ്റ്‌സ് സൂചന നല്‍കി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇറാന്റെ ഉന്നത നേതാക്കളെ പ്രത്യേകാനുമതി കൂടാതെ തന്നെ വധിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

ഇറാന്റെ പ്രമുഖ ഷിയാ പണ്ഡിതനായ ഖത്തീബ്, ജുഡീഷ്യറി, ഇന്റലിജന്‍സ് മന്ത്രിസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980-ലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായി പങ്കെടുത്ത് ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.

രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഇറാന്റെ മൂന്നാമത്തെ പ്രമുഖ നേതാവാണ് ഇസ്മയില്‍ ഖത്തീബ്. കഴിഞ്ഞ ദിവസം ഇറാന്റെ സെക്യൂരിറ്റി ചീഫ് അലി ലരിജാനി, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഓള്‍ വളണ്ടിയര്‍ ബാസിജ് ഫോഴ്‌സിന്റെ തലവനായ ഖൊലാംറെസ സൊലൈമാനി എന്നിവരും സമാനമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഈ അവകാശവാദം പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുമെന്ന നിരീക്ഷണമാണ് ഉയരുന്നത്.

തുടര്‍ച്ചയായ പ്രഹരങ്ങള്‍

ഇറാന്‍ സുരക്ഷാ ചീഫ് അലി ലാരിജാനി, കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി എന്നിവരുടെ വധത്തിന് പിന്നാലെയാണ് ഖത്തീബും കൊല്ലപ്പെടുന്നത്. ഇറാന്റെ സൈനിക-രഹസ്യാന്വേഷണ ശ്രേണിയെ ഒന്നൊന്നായി വെട്ടിനിരത്തുകയാണ് ഇസ്രായേല്‍. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ടുള്ള യുദ്ധം ആരംഭിച്ചത്. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സൈനിക വിഭാഗം തലവന്‍ അക്രം അല്‍-അജൗറിയെ ഇറാനില്‍ വെച്ച് ലക്ഷ്യം വെച്ചതായും ഇസ്രായേല്‍ ഈ ആഴ്ച അറിയിച്ചു. പിതാവിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെയും വധിക്കുമെന്ന് ഇസ്രായേല്‍ ശപഥം ചെയ്തിട്ടുണ്ട്.

അടുത്ത ലക്ഷ്യം മൊജ്തബ ഖമേനി

അലി ലാരിജാനിക്കും ഖത്തീബിനും പിന്നാലെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയാണ്. അധികാരമേറ്റ ശേഷം ഒളിവില്‍ കഴിയുന്ന മൊജ്തബയെ ഏതു നിമിഷവും വധിക്കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. വെറുമൊരു സൈനിക നീക്കമല്ല ഇപ്പോള്‍ നടക്കുന്നത്. ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ സംവിധാനങ്ങളെ അടിമുടി തകര്‍ക്കാനുള്ള ഭരണകൂട വിരുദ്ധ യുദ്ധതന്ത്രം ആണ് ഇസ്രായേല്‍ നടപ്പിലാക്കുന്നത്.

ഖത്തീബ്: പ്രതിഷേധക്കാരുടെ ചോര പുരണ്ട കൈകള്‍

ഇസ്മായില്‍ ഖത്തീബിനെ വധിച്ചതിലൂടെ ഇസ്രായേല്‍ ലക്ഷ്യം വെച്ചത് ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെയാണ്. ഈ വര്‍ഷം ഇറാനില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി കൊല്ലുന്നതിനും ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുന്നതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഖത്തീബ് ആണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (IDF) ആരോപിക്കുന്നു. ഇസ്രായേല്‍, അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ ലോകമെമ്പാടും രഹസ്യ ഓപ്പറേഷനുകള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഖത്തീബിന്റെ ഇന്റലിജന്‍സ് മന്ത്രാലയമായിരുന്നു.

ഇറാന്റെ പ്രമുഖ ഷിയാ പണ്ഡിതനായ ഖത്തീബ്, ജുഡീഷ്യറി, ഇന്റലിജന്‍സ് മന്ത്രിസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980-ലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായി പങ്കെടുത്ത് ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.

1980-ല്‍ തുടങ്ങിയ വിപ്ലവ വീര്യം

ഇറാന്‍-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ട 1980-ലാണ് ഖത്തീബ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) ചേരുന്നത്. മുന്‍നിരയില്‍ പോരാടുന്നതിനിടെ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതോടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇയാളുടെ കുടുംബം വലിയ വിലയാണ് യുദ്ധത്തിന് നല്‍കിയത്. ഖത്തീബിന്റെ സഹോദരനും സഹോദരീഭര്‍ത്താവും യുദ്ധക്കളത്തില്‍ വെച്ച് കൊല്ലപ്പെട്ടവരാണ്. ഈ കടുത്ത പോരാട്ട വീര്യമാണ് ഖത്തീബിനെ ഭരണകൂടത്തിന് പ്രിയപ്പെട്ടവനാക്കിയത്.കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള ശിഷ്യനായിരുന്നു ഖത്തീബ്. ഖമേനിയില്‍ നിന്നാണ് ഇയാള്‍ രാഷ്ട്രീയവും തന്ത്രങ്ങളും പഠിച്ചത്. ഖമേനിയുടെ മകനും നിലവിലെ പിന്‍ഗാമിയുമായ മൊജ്തബ ഖമേനിയുമായി ഖത്തീബിന് അടുത്ത ബന്ധമാണുള്ളത്. ഇറാന്റെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ മുജ്തബയുടെ വലംകൈ ആയിരുന്നു ഇയാള്‍. 2021-ലാണ് ഇയാള്‍ രഹസ്യാന്വേഷണ മന്ത്രിയായി നിയമിതനാകുന്നത്.

അമേരിക്ക വിലയിട്ട 84 കോടിയുടെ തല!

ഖത്തീബിന്റെ അപകടകാരിയായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ അമേരിക്ക ഇയാള്‍ക്കായി വലിയ വല വിരിച്ചിരുന്നു. ഈ മാസം ആദ്യം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട ഒന്‍പത് 'പ്രധാന നേതാക്കളുടെ' പട്ടികയില്‍ ഖത്തീബും ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ (ഏകദേശം 84 കോടി രൂപ) വരെയാണ് അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ആഗോളതലത്തില്‍ ഇസ്രായേല്‍-അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കുന്നു എന്നതായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.

വേട്ടയാടല്‍ തുടരുമെന്ന് ഇസ്രയേല്‍

പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ചതുപോലെ, ഇറാനിലെ ഓരോ ഉന്നത നേതാവിനെയും വധിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിലെ ഏറ്റവും വലിയ വിജയമാണ് ഖത്തീബിന്റെ അന്ത്യം. ഐഡിഎഫിന് നല്‍കിയ പ്രത്യേക അധികാരം ഉപയോഗിച്ച് ഇനിയുള്ള മണിക്കൂറുകളില്‍ കൂടുതല്‍ 'സര്‍പ്രൈസുകള്‍' ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വധശിക്ഷാ പരമ്പര ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ വലിയ 'അരാജകത്വത്തിന്' (Chaos) കാരണമായിട്ടുണ്ടെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ (CNN) റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ തലവന്‍ അലി ലാരിജാനി, സൈനിക കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി എന്നിവരുടെ വധത്തിന് പിന്നാലെ ഭരണകൂടം കൂടുതല്‍ അസ്ഥിരപ്പെടുമെന്നാണ് ഇസ്രായേല്‍ വിലയിരുത്തുന്നത്.

സിഎന്‍എന്നിനോട് സംസാരിക്കവെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെ: 'ഓപ്പറേഷന്‍ റൈസിംഗ് ലയണിനേക്കാള്‍ (Rising Lion) ആറ് മുതല്‍ പത്ത് മടങ്ങ് വരെ ശക്തിയിലാണ് ഇത്തവണ ഇറാന്‍ ഭരണകൂടത്തിന് പ്രഹരമേറ്റിരിക്കുന്നത്. സൈനിക-രാഷ്ട്രീയ തലങ്ങള്‍ക്കിടയില്‍ നയങ്ങള്‍ രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഉത്തരവുകള്‍ പുറപ്പെടുവിക്കാനോ അവര്‍ പാടുപെടുകയാണ്. വലിയ ആശയക്കുഴപ്പമാണ് അവിടെ കാണുന്നത്, സാഹചര്യം ഉടന്‍ തന്നെ കൂടുതല്‍ വഷളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.'

കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ഖുദ്സ് ദിന റാലിയില്‍ പ്രകടനം നടത്തുന്നവര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് ലാരിജാനിയെ വധിക്കാനുള്ള നീക്കം ഇസ്രായേല്‍ ഊര്‍ജിതമാക്കിയത്. 'ഓരോ തവണ അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴും അത് ഞങ്ങള്‍ക്ക് വലിയ നേട്ടമാണ്. അവര്‍ക്ക് ഒളിച്ചിരിക്കാന്‍ സുരക്ഷിതമായ ഒരിടവുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ അടിസ്ഥാന ലക്ഷ്യം,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News