യുദ്ധക്കനലില്‍ പ്രതിസന്ധിയിലായ ഇറാന് മെഡിക്കല്‍ സഹായമെത്തിച്ച് ഇന്ത്യ; റെഡ് ക്രെസന്റ് സൊസൈറ്റിക്ക് മരുന്നുകളും ഉപകരണങ്ങളും കൈമാറി; ഇന്ത്യന്‍ ജനതക്ക് നന്ദി അറിയിച്ച് ഇറാന്‍; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ മാനുഷിക മുഖം ചര്‍ച്ചയാകുന്നു

Update: 2026-03-18 13:02 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് സഹായഹസ്തവുമായി ഇന്ത്യ. യുഎസ്-ഇസ്രയേല്‍ സൈനിക നീക്കത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാന് ഇന്ത്യയുടെ ആദ്യഘട്ട മെഡിക്കല്‍ സഹായം കൈമാറി. ബുധനാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളും അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ ആദ്യ ഘട്ടസഹായം ടെഹ്‌റാനിലെത്തിയത്. ഈ സഹായം ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറിയെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ ഇറാന്‍ എംബസിയും സ്ഥിരീകരിച്ചു. മേഖലയില്‍ അസ്ഥിരത തുടരുന്ന അവസ്ഥയില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഈ സഹായ നടപടി. അതേസമയം, മെഡിക്കല്‍ സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഇറാന്‍ എംബസി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും, നിര്‍ണ്ണായക സമയത്ത് പിന്തുണ നല്‍കിയ ഇന്ത്യന്‍ ജനതക്ക് നന്ദി അറിയിക്കുകയും ചെയ്തു.

പ്രതിസന്ധി ഘട്ടത്തില്‍ തുണയായ ഇന്ത്യന്‍ ജനതയോടുള്ള നന്ദി ഒരിക്കലും പറഞ്ഞാല്‍ തീരാത്തതാണെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ''ബഹുമാന്യരായ ഇന്ത്യന്‍ ജനതയില്‍നിന്നുള്ള ആദ്യഘട്ട മെഡിക്കല്‍ സഹായം ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു.'' എംബസി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഈ ഇടപെടല്‍ നിലവിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിക്കുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രയേല്‍-യുഎസ് സൈനിക നീക്കങ്ങള്‍ ഇറാന്റെ ആരോഗ്യമേഖലയെ തളര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 1300-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും, 7000-ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ലോകാരോഗ്യസംഘടനയും ആശങ്ക വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യുടെ ഈ മനുഷ്യത്വപരമായ ഇടപെടല്‍.

ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആക്രമണവും പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ അടിയന്തര സഹായം. അത്യാവശ്യ മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, മറ്റ് ആരോഗ്യ സംരക്ഷണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെയുള്ള ആദ്യഘട്ട സഹായമാണ് ഇന്ത്യ ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറിയത്.

ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച യുഎസ്-ഇസ്രയേല്‍ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വന്‍ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ നിലവില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ഹനാന്‍ ബാല്‍ക്കി പറയുന്നത്.

Tags:    

Similar News