സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി കോടികള്‍ പിരിച്ച് പിണറായി സര്‍ക്കാര്‍; യാതൊരു കണക്കുമില്ലാതെ വിദ്യാഭ്യാസ വകുപ്പ്; ഉപജില്ലകള്‍ക്ക് പണം പിരിക്കാന്‍ ക്വോട്ട; 680 കോടിരൂപ ബജറ്റില്‍ അനുവദിച്ചിട്ടും സാമ്പത്തിക ബാധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍െ്റയും കായികമേളയുടെ മറവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി കോടികള്‍ പിരിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ യാതൊരു കണക്കും വിദ്യാഭ്യാസ വകുപ്പിനും ഇല്ല. കഴിഞ്ഞ ബജറ്റില്‍ 680.87 കോടിരൂപ ബജറ്റില്‍ അനുവദിച്ചിട്ടും സാമ്പത്തിക ബാധ്യതയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അനധികൃത പണപ്പിരിവിന് ഓരോ വിദ്യാഭ്യാസ ഉപജില്ലകള്‍ക്കും ക്വോട്ട നിശ്ചയിച്ച് ഉദ്യോഗസ്ഥരെ രംഗത്തിറക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കായികമേളയുടെയും കലോത്സവത്തിന്റെയും നടത്തിപ്പിനായാണ് വിദ്യാര്‍ഥികളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നിന്ന് കായികമേളയ്ക്ക് 75 രൂപ വീതവും കലോത്സവത്തിന് 50 രൂപ വീതവും പിരിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളില്‍ നിന്ന് രണ്ട് മേളയ്ക്കും 15 രൂപ വീതമാണ് പിരിവ്. ഇതിനു പുറമേ സ്പോണ്‍സര്‍ഷിപ്പിലൂടെയും അധ്യാപകരില്‍ നിന്നുള്ള സാമ്പത്തിക സമാഹരണത്തിലൂടെയും കോടിക്കണക്കിന് രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കായിക, കലോത്സവ വിഭാഗങ്ങളിലെ നടത്തിപ്പിനായി ശേഖരിക്കുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കായിക വിഭാഗത്തില്‍ മാത്രമായി പത്തുകോടിയില്‍പ്പരം രൂപ പരിച്ചെടുത്തു. ഒരു ഓഡിറ്റിങ്ങിനും വിധേയമാക്കാത്ത ഈ പണപ്പിരിവില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ഇതിനുവേണ്ടി വ്യാജ ബില്ലുകളും വൗച്ചറുകളും വ്യാപകമായി തയ്യാറാക്കുകയാണെന്നും ആരോപണമുണ്ട്. സംസ്ഥാന സ്‌കൂള്‍ കായിക മേള 2025 ഒളിമ്പിക്‌സ് മാതൃകയില്‍ തിരുവനന്തപുരത്ത് 21 മുതല്‍ 28 വരെയാണ് നടത്തുന്നത്.
2025-26 ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി തന്നെ നേരത്തെ പറഞ്ഞിരുന്നു. അക്കാദമിക് നിലവാരവും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കും മാത്രമായി 27.80 കോടിരൂപയും അധ്യാപകരുടെ പൊഫഷണല്‍ വികസനത്തിന് അഞ്ചുകോടിയും ഐ.ടി അടിസ്ഥാന സൗകര്യ വികസനത്തിന് 38.50 കോടിരൂപയും ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനുമായി 92.15 കോടിയും സര്‍ക്കാര്‍ സ്‌കൃൂളുകളിലെ ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിന് 84.28 കോടിയും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ തടസരഹിതമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് പത്തുകോടിയും പാഠ്യപദ്ധതി ചട്ടക്കൂടിനായി 21 കോടിയും ഉച്ചഭക്ഷണ പരിപാടിക്കായി 402.14 കോടിയും അടക്കം 680 കോടിരൂപയാണ് വിദ്യാഭ്യാസ വകുപ്പിനായി ബജറ്റില്‍ വകയിരുത്തിയിരുന്നത്.
എന്നാല്‍, ഈ തുകയൊന്നും വകുപ്പിനു തികയുന്നില്ലെന്ന അഭിപ്രായമാണ് ഉന്നത ഉദ്യോഗസ്ഥരുടെത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നില്ലെന്നും തരുന്നവരില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നതെന്നും അധ്യാപകര്‍ പറയുന്നു. സംസ്ഥാന സ്‌കൂള്‍ കായിക, കലാമേളകളുമായി ബന്ധപ്പെട്ട കരാറുകള്‍ ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കു മാത്രം നല്‍കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്സ് അടക്കമുള്ളവയ്ക്ക് വിദ്യാര്‍ഥികള്‍ക്കുള്ള ജഴ്സി നല്‍കുന്നതിനുള്ള കരാര്‍ ഒരു സീനിയര്‍ ക്ലാര്‍ക്കിന്റെ ബന്ധുവിനാണ് ജഴ്സി കരാര്‍ ഈ വര്‍ഷവും ഇതേയാള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ വിളിക്കണമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.
മറ്റൊരു ക്ലാര്‍ക്കിനാണ് കായികമേളകളില്‍ ഭക്ഷണവിതരണത്തിനുള്ള കരാറുകള്‍ സ്ഥിരമായി നല്‍കുന്നത്. പങ്കെടുത്ത കുട്ടികളുടെ എണ്ണത്തിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവിലും കൃത്രിമത്വം കാട്ടി സ്ഥിരമായി തട്ടിപ്പു നടത്തുകയാണെന്നും ആരോപണമുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലാര്‍ക്കായ ഇദ്ദേഹത്തിന്റെ പേരില്‍ത്തന്നെ ബില്ലുകള്‍ ട്രഷറി മുഖേന പാസാക്കി എടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യ ഉയര്‍ന്നിട്ടുണ്ട്.