അമ്മയുടെ ധീരത.... മകളുടെ നന്ദി; തുറന്നുകാട്ടപ്പെട്ടത് ഭയാനകമായ അവസ്ഥ; തിരുവനന്തപുരത്തെ 'മാതൃകാ വിദ്യാലയത്തില്‍' തകരുന്ന അക്കാദമിക് നിലവാരം; ചതിക്കുന്നത് കുട്ടികളുടെ ഭാവി; മന്ത്രി വി. ശിവന്‍കുട്ടി ഇതൊന്നും അറിയുന്നില്ലേ? മന്ത്രിയപ്പൂപ്പന്‍ ഇതും തിരിച്ചറിയണം

Update: 2026-03-13 06:48 GMT

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പെരുമയുടെ അടയാളമായിരുന്ന തലസ്ഥാനത്തെ പ്രമുഖ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇപ്പോള്‍ വിവാദങ്ങളുടെയും അക്കാദമിക് തകര്‍ച്ചയുടെയും നടുവിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒന്നിനുപുറകെ ഒന്നായി ഈ വിദ്യാലയത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വിദ്യാഭ്യാസ വകുപ്പോ മന്ത്രി വി. ശിവന്‍കുട്ടിയോ ക്രിയാത്മകമായി ഇടപെടാതിരുന്നതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ പിടിഎ ജനറല്‍ ബോഡി യോഗത്തില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അമ്മ പിടിഎ യോഗത്തില്‍ നടത്തിയ വൈകാരികമായ പ്രസംഗമാണ് സ്‌കൂളിന്റെ അക്കാദമിക് മേഖലയിലെ പിന്നോക്കാവസ്ഥ പുറംലോകത്തെത്തിച്ചത്. 'എന്റെ മകള്‍ മോഡല്‍ പരീക്ഷ എഴുതിയത് ഭയത്തോടെയാണ്, അവളുടെ ബാച്ചിലെ 53-ഓളം കുട്ടികളുടെ അവസ്ഥ ഇതാണ്. വരാനിരിക്കുന്ന തലമുറയ്ക്ക് ഈ ഗതി ഉണ്ടാകരുത്' എന്ന ആ അമ്മയുടെ വാക്കുകള്‍ ആഡിറ്റോറിയത്തില്‍ മുഴങ്ങിയപ്പോള്‍ അത് കേവലം ഒരു പരാതിയല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകരുന്നതിലുള്ള രോഷമായിരുന്നു.

ഈ അമ്മയുടെ ധീരമായ ഇടപെടലിന് നന്ദി പറഞ്ഞ് മകള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ഇപ്പോള്‍ വൈറലാണ്. ട്യൂഷനെ ആശ്രയിക്കാത്ത, സാധാരണക്കാരായ കുട്ടികള്‍ സ്‌കൂളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ആ കുറിപ്പ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം സഹിതം 'മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടു' എന്ന വാചകം ചേര്‍ത്താണ് തന്റെയും സഹപാഠികളുടെയും നിസഹായത പങ്കുവെച്ചത്. അക്കാദമിക് മേഖലയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ രക്ഷിതാവിനെ പിടിഎ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അധ്യാപക പ്രതിനിധികള്‍ ഭാരവാഹി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് സ്‌കൂളിലെ രാഷ്ട്രീയ അതിപ്രസരത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ കുറേ കാലമായി സ്‌കൂളിലെ ഭരണകക്ഷി സംഘടനയില്‍പ്പെട്ട ചില അധ്യാപകര്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു എന്ന പരാതി ശക്തമാണ്. ഈ വര്‍ഷം ഇതുവരെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനുള്ള 'സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ്' യോഗങ്ങള്‍ പോലും ചേര്‍ന്നിട്ടില്ലെന്ന് സ്‌കൂള്‍ സ്റ്റാഫ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു അധ്യാപിക തന്നെ തുറന്നടിച്ചത് സ്‌കൂളിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. ഭരണപക്ഷ സംഘടനയിലെ ചില നേതാക്കള്‍ അധ്യാപകരെയും കുട്ടികളെയും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നതായും, പഠനത്തേക്കാള്‍ പ്രാധാന്യം സംഘടനയ്ക്കായി നീക്കിവെക്കുന്നതായും ആരോപണമുണ്ട്.

തിരുവനന്തപുരത്തെ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ മക്കളെ വിശ്വസിച്ച് അയക്കുന്ന ഈ വിദ്യാലയം ഒരു കാലത്ത് കേരളത്തിലെ മികച്ച അക്കാദമിക് റെക്കോര്‍ഡുള്ള സ്ഥാപനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും 'ഷോ'കളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി സ്‌കൂള്‍ മാറിയോ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ സ്വന്തം ജില്ലയിലെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ പുകയുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്നതാണ് ഉയരുന്ന ചോദ്യം.

വിദ്യാഭ്യാസ മേഖലയിലെ 'നമ്പര്‍ വണ്‍' അവകാശവാദങ്ങള്‍ക്കിടയില്‍, തലസ്ഥാനത്തെ ഈ മാതൃകാ വിദ്യാലയത്തില്‍ കുട്ടികള്‍ മോഡല്‍ പരീക്ഷ എഴുതാന്‍ ഭയപ്പെടുകയും അധ്യാപകര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നത് ഗൗരവകരമാണ്. വരാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ സ്‌കൂളിന്റെ ഈ അധഃപതനത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പാണ്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരു പോലെ ആണ്. ഈ പോസ്റ്റ് ആരും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്... എന്റെ അമ്മ പറഞ്ഞത് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമാണ്....ആരെങ്കിലും അത് വീഡിയോ എടുത്തിട്ടുണ്ടെങ്കില്‍ എനിക്ക് കൂടി അയച്ചു തരണേ.... കാരണം എപ്പോഴെങ്കിലും ആ പറഞ്ഞത് വഴി മാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ അത് എനിക്കും എന്റെ അമ്മയ്ക്കും സ്‌കൂളിനും ഭാവിയില്‍ അഭിമാനിക്കാമല്ലോ ? ദൈവത്തിന്റെ കണ്ണ് മൂടി കെട്ടാന്‍ ശ്രമിക്കരുത്... ?-ഇങ്ങനെയാണ് ആ കുട്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

Tags:    

Similar News