'ഇരുണ്ട കാലം' നമ്മള്‍ വിചാരിച്ച പോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ പ്രചരണമായിരുന്നില്ല; യുഡിഎഫ് സര്‍ക്കാരിനെതിരെ പരസ്യമൊന്നും നല്‍കിയിട്ടില്ല; വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയുമായി പി.ആര്‍.ഡി.; യുഡിഎഫ് സര്‍ക്കാരിനെതിരെ എന്ന തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്ന് വിശദീകരണം; മാര്‍ച്ചിലെ ആ രണ്ടു പേജ് പരസ്യം അപ്പോള്‍ എന്തായിരുന്നു?

Update: 2026-04-10 01:55 GMT

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തെ കടന്നാക്രമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 'ഇരുണ്ട കാലം' എന്ന പരസ്യപ്രചാരണത്തെച്ചൊല്ലി പുതിയ വിവാദം പുകയുന്നു. മുന്‍ യു.ഡി.എഫ്. സര്‍ക്കാരിനെ ലക്ഷ്യമിട്ട് അത്തരത്തിലൊരു പരസ്യവും ഐ.ആന്‍ഡ്.പി.ആര്‍.ഡി. നല്‍കിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കാര്യങ്ങള്‍ എന്ന രീതിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് (പി.ആര്‍.ഡി.) പരസ്യം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമാണ് സി ആര്‍ പ്രാണകുമാര്‍.

2026 മാര്‍ച്ച് 5-ന് മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്ന രീതിയില്‍ പി.ആര്‍.ഡി. പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ തേടിയത്. ഈ വിഷയത്തില്‍ വകുപ്പിന്റെ പക്കല്‍ ലഭ്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. പരസ്യം ഏതൊക്കെ മാധ്യമങ്ങള്‍ക്കാണ് നല്‍കിയതെന്നും, ഈ പരസ്യം നല്‍കുന്നതിനായി ഓരോ മാധ്യമവും എത്ര തുകയാണ് ക്വാട്ട് ചെയ്തതെന്നും അപേക്ഷയില്‍ ചോദിച്ചിരുന്നു. കൂടാതെ, ഇതില്‍ എത്ര തുക ഇവര്‍ക്ക് അനുവദിച്ചു എന്ന കാര്യത്തിലും വ്യക്തത തേടിയിരുന്നു.

എന്നാല്‍, അപേക്ഷകന്‍ സൂചിപ്പിച്ച രീതിയില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്ന പേരില്‍ വകുപ്പ് ഒരു പരസ്യവും നല്‍കിയിട്ടില്ലെന്നാണ് പി.ആര്‍.ഡി.യുടെ മറുപടി. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 'ഇല്ല' എന്ന ഒറ്റവാക്കിലൊതുങ്ങുന്ന വിശദീകരണമാണ് വകുപ്പ് നല്‍കിയത്. 2026 മാര്‍ച്ച് 9-നാണ് അഡ്വ. സി.ആര്‍. പ്രാണകുമാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയ്ക്ക് 2026 മാര്‍ച്ച് 30-നാണ് വകുപ്പ് മറുപടി നല്‍കിയത്.

യുഡിഎഫ് ഭരണകാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍ പരസ്യം എത്തിയത് വിവാദമായിരുന്നു. വൈദ്യുതി, വിദ്യാഭ്യാസം, കെഎസ്ആര്‍ടിസി, ക്ഷേമ പെന്‍ഷന്‍ മുടക്കം, കാലിയായ ഖജനാവ്, വികസന മുരടിപ്പ് എന്നിവയായിരുന്നു പരസ്യ വിഷയം. ഇരുണ്ട കാലം എന്ന പേരിലായിരിന്ന സിപിഎം ക്യാമ്പെയിനു പിന്നാലെയാണ് പിആര്‍ഡി പരസ്യം എത്തിയത്. 




 പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, 40 ശതമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെന്‍ഷന്‍ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയില്‍, റോഡ് പണി നിലച്ചു തുടങ്ങിയവയായിരുന്നു വാര്‍ത്തകള്‍.

പിണറായി സര്‍ക്കാര്‍ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നല്‍കി. രണ്ട് പേജ് പരസ്യമാണ് നല്‍കിയത്. 10 വര്‍ഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതരത്തിലായിരുന്നു പ്രചരണം. ഇതാണ് വിവരാവകാശ ചോദ്യമായി മാറിയത്. അപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പരസ്യം കൊടുത്തില്ലെന്ന് പി ആര്‍ ഡി പറയുന്നു.

Similar News