പോലീസ് സ്റ്റേഷനില്‍നിന്ന് അതുല്‍ പുറത്തിറങ്ങിയ സമയം മുതല്‍ ഒരു കാര്‍ മുന്നിലും മറ്റൊന്ന് പിന്നിലുമായി അനുഗമിച്ചു; പിന്നാലെ വന്ന ഇന്നോവ കാര്‍ ഉപയോഗിച്ച് അതുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാപ്പക: അലുവ അതുലിനെ വെട്ടിക്കൊന്ന കേസില്‍ എട്ടുപേര്‍ വലയില്‍; ഗൂഡാലോചനയിലേക്ക് അന്വേഷണം

Update: 2026-03-15 03:13 GMT

കരുനാഗപ്പള്ളി: കേരളത്തെ നടുക്കിയ അലുവ അതുല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി. കടത്തൂര്‍ - വയനകം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട കുടിപ്പകയാണ് സിനിമയെ വെല്ലുന്ന ആസൂത്രിത കൊലപാതകത്തില്‍ കലാശിച്ചത്. സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ കൃത്യമായ ഇടവേളയില്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ എട്ടുപേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുകയായിരുന്നു അതുല്‍. പുതിയകാവ് മേല്‍പ്പാലത്തിന് സമീപം എത്തിയപ്പോള്‍ പിന്നാലെ എത്തിയ ഇന്നോവ കാര്‍ അതുല്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ റോഡ് നിര്‍മ്മാണ കുഴിയിലേക്ക് മറിഞ്ഞു. അപകടമാണെന്ന് കരുതി നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും, പിന്നാലെ വന്ന കാറില്‍ നിന്ന് വടിവാളുകളുമായി അക്രമിസംഘം പുറത്തേക്ക് ചാടി.

കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന അതുലിനെ വലിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മനുവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി പോലീസ് സംസ്ഥാനവ്യാപകമായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നാണ് കോട്ടയം പോലീസ് പിടികൂടിയത്. ഇവരെ പിന്നീട് കൊല്ലം സിറ്റി പോലീസിന് കൈമാറി.

അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തിരുവനന്തപുരത്തുനിന്നും പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട എട്ടു പ്രതികളും ഇപ്പോള്‍ കസ്റ്റഡിയിലാണ്. 2025-ല്‍ ജിം സന്തോഷ് എന്നയാളെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അതുല്‍. സന്തോഷ് കൊല്ലപ്പെട്ട് കൃത്യം ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അതുലിനെ തേടി അതേ ശൈലിയിലുള്ള മറുപടി എത്തിയത്. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ആധിപത്യ പോരാട്ടമാണ് നടുറോഡിലെ ഈ രക്തച്ചൊരിച്ചിലിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊലപാതകത്തിനായി പ്രതികള്‍ അതീവ ജാഗ്രതയോടെയുള്ള ആസൂത്രണമാണ് നടത്തിയത്. രണ്ട് കാറുകളിലായാണ് സംഘം അതുലിനെ നിരീക്ഷിച്ചിരുന്നത്. പോലീസ് സ്റ്റേഷനില്‍നിന്ന് അതുല്‍ പുറത്തിറങ്ങിയ സമയം മുതല്‍ ഒരു കാര്‍ മുന്നിലും മറ്റൊന്ന് പിന്നിലുമായി അനുഗമിച്ചു. പിന്നാലെ വന്ന ഇന്നോവ കാര്‍ ഉപയോഗിച്ച് അതുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞതോടെയാണ് അക്രമിസംഘം വടിവാളുകളുമായി ചാടിവീണത്.

കോട്ടയം പോലീസ് മുണ്ടക്കയത്തുനിന്ന് പിടികൂടിയ പ്രതികളെ നിലവില്‍ കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ പ്രധാനികളടക്കം എട്ടുപേരും കസ്റ്റഡിയിലായതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ ഗൂഢാലോചനകള്‍ വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Similar News