പ്രശ്നം 'കുടുംബപരമാണെങ്കിലും' പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം; ഗുരുവായൂരിലെ ഉത്സവം കൊടിയിറങ്ങിയ പിന്നാലെ മെമ്പര്‍ പാലക്കാട്ടേക്ക് കുതിച്ചു; രാത്രിയില്‍ മാപ്പു പറഞ്ഞ് എല്ലാം തീര്‍ത്തു; ആ മാപ്പു പറച്ചലിന് പിന്നില്‍ പിണറായിയുടെ ഉറച്ച തീരുമാനം; ഈ വിവാദത്തില്‍ സിപിഎം മൗനം തുടരും

Update: 2026-03-10 08:06 GMT

തിരുവനന്തപുരം: മന്ത്രിസ്ഥാനം തെറിക്കുമെന്ന ഉറപ്പായ സാഹചര്യത്തിലാണ് വാളകത്തെ വീട്ടിലുണ്ടായ സംഭവങ്ങളില്‍ ഭാര്യയോട് മാപ്പുപറയാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തയ്യാറായത്. പകല്‍സമയത്ത് ഭാര്യയെ പരിഹസിച്ച മന്ത്രി, രാജി വെക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് രാത്രിയോടെ നിലപാട് മാറ്റി ക്ഷമാപണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും സ്വീകരിച്ച കടുത്ത നിലപാടാണ് മന്ത്രിയെ അനുനയത്തിന്റെ വഴിയിലെത്തിച്ചത്. വിവാദത്തില്‍ സിപിഎം നേതാക്കള്‍ മൗനം തുടരും.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന സൂചന മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇതോടെയാണ് തന്റെ അതിവിശ്വസ്തനും കേരള കോണ്‍ഗ്രസ് ബി ട്രഷററുമായ ബാലഗോപാലിനെ മന്ത്രി ദൗത്യമേല്‍പ്പിച്ചത്. മാപ്പുപറയുന്നതിന്റെ ഓഡിയോ പുറത്തുപോകില്ലെന്ന് ഉറപ്പാക്കാന്‍ ബാലഗോപാലിന്റെ ഫോണിലൂടെയാണ് ഗണേഷ് ഭാര്യയുമായി സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മന്ത്രിക്കെതിരെ ഉയര്‍ന്ന സ്ത്രീവിഷയത്തിലുള്ള ആരോപണം മുന്നണിക്ക് വലിയ തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയിരുന്നു.

2013-ല്‍ യു.ഡി.എഫ് മന്ത്രിയായിരിക്കെ ആദ്യഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് സി.പി.എമ്മും എല്‍.ഡി.എഫുമായിരുന്നു. സമാനമായ ആരോപണം സ്വന്തം ഭരണകാലത്ത് ആവര്‍ത്തിക്കപ്പെടുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. പൊലീസില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന ഭാര്യയുടെ പരാതിയും മുഖ്യമന്ത്രിയുടെ മകളെ കാര്യങ്ങള്‍ വിളിച്ചറിയിച്ചെന്ന വെളിപ്പെടുത്തലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിപക്ഷം ഈ വിഷയം ആയുധമാക്കിയതോടെ ഗണേഷിനെ കൈവിടുന്നതാണ് ഉചിതമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തി.

മന്ത്രിസഭാ യോഗത്തിന് മുന്‍പ് പ്രശ്‌നം തീര്‍ക്കണമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് രാത്രി വൈകി സമവായ നീക്കങ്ങള്‍ നടന്നത്. ഇതോടെ താല്‍ക്കാലികമായി രാജി ഭീഷണി ഒഴിവായിരിക്കുകയാണ്. ഉണ്ടായത് കുടുംബപ്രശ്നമാണെന്ന ഗണേഷ് കുമാറിന്റെ നിലപാട് മുഖവിലയ്ക്ക് എടുത്തെങ്കിലും ഉടന്‍ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അല്ലാത്ത പക്ഷം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു മുഖ്യമന്ത്രിയും നീങ്ങി. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചതോടെയാണ് രാജി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാത്രി വൈകി ഭാര്യയുമായി ഫോണില്‍ സംസാരിച്ച് എല്ലാം പറഞ്ഞു തീര്‍ത്തത്.

2013ല്‍ ഗണേഷ് കുമാര്‍ യുഡിഎഫില്‍ മന്ത്രിയായിരിക്കെ ആദ്യഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയത് സിപിഎമ്മും എല്‍ഡിഎഫും ആയിരുന്നു. സമാനമായ ആരോപണം എല്‍ഡിഎഫ് ഭരണകാലത്ത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിലപാട് മാറ്റുന്നത് വലിയ തിരിച്ചടികള്‍ക്കു കാരണമാകുമെന്ന വിലയിരുത്തലാണ് തീരുമാനം കടുപ്പിക്കാന്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രേരിപ്പിച്ചത്.

പൊലീസില്‍നിന്നു പരാതിക്കാരിക്കു നീതി ലഭിച്ചില്ലെന്ന ആരോപണവും മുഖ്യമന്ത്രിയുടെ മകളെ കാര്യങ്ങള്‍ വിളിച്ചറിയിച്ചിരുന്നുവെന്നു ഗണേഷ്‌കുമാറിന്റെ ഭാര്യ പറഞ്ഞതും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്കു പോലും രക്ഷയില്ലെന്ന തരത്തില്‍ പ്രതിപക്ഷം വിഷയം ആയുധമാക്കുകയും സ്ത്രീപീഡനവിഷയത്തില്‍ സിപിഎം ഏറെ വിമര്‍ശിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ ഗണേഷിനെ കൈവിടാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോള്‍ സ്വന്തം പാളയത്തില്‍നിന്നു തന്നെ പ്രതിപക്ഷത്തിന് ആയുധം ലഭിക്കുന്ന സ്ഥിതി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചത്.

ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്ക് എത്തും മുന്‍പ് വിഷയം പരിഹരിക്കണമെന്ന് ഗണേഷിനു നിര്‍ദേശം നല്‍കിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിയിലേക്കു പോകേണ്ടിവരുമെന്ന അവസ്ഥ ഒഴിവാക്കാന്‍ മന്ത്രി രാത്രി തന്നെ സമവായനീക്കത്തിനായി ഭാര്യയെ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ഗുരുവായൂരില്‍ ആറാട്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് ബാലഗോപാല്‍. ഗുരുവായൂരിലെ ഉത്സവം കഴിഞ്ഞതിന് പിന്നാലെ പാലക്കാട്ടേക്ക് പോവുകയായിരുന്നു ബാലഗോപാല്‍. ബിന്ദു മേനോനെ അനുയിപ്പിച്ചത് ബാലഗോപാലായിരുന്നു. അതിന് ശേഷമായിരുന്നു ഫോണ്‍ വിളി.

Tags:    

Similar News