'കണ്ണൂര്‍ കിട്ടാന്‍ വാശിപിടിച്ച സുധാകരനെ ഹൈക്കമാന്‍ഡ് പൂട്ടിയത് അതിബുദ്ധിപരമായ നീക്കത്തിലൂടെ! ദീപദാസ് മുന്‍ഷി സുധാകരനെ ഒപ്പമിരുത്തി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെ വിളിച്ചു; കൂടെയുണ്ടെന്ന് കരുതിയ 70-ല്‍ 50 പേരും സുധാകരനെ തള്ളി; സ്വന്തം തട്ടകത്തില്‍ ആളില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പത്തിമടക്കി സുധാകരന്‍; ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം ഇങ്ങനെ!
ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം! ഇങ്ങനെ!
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കെ. സുധാകരന്‍ പുറത്തായതിന് പിന്നില്‍ നാടകീയ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. എഐസിസി നിരീക്ഷക ദീപദാസ് മുന്‍ഷി സുധാകരനുമായി നടത്തിയ ചര്‍ച്ചയാണ് വഴിത്തിരിവായത്. കണ്ണൂര്‍ മണ്ഡലത്തിലെ മൂന്നിലൊന്ന് വാര്‍ഡ് കമ്മിറ്റികള്‍ സുധാകരനൊപ്പമുണ്ടെങ്കില്‍ സീറ്റ് നല്‍കാമെന്നായിരുന്നു മുന്‍ഷിയുടെ വാഗ്ദാനം.
ഇതിനെത്തുടര്‍ന്ന് ദീപദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ വാര്‍ഡ് കമ്മിറ്റികളിലേക്ക് നേരിട്ട് വിളിച്ചു. എന്നാല്‍ ആകെ വിളിച്ച 70 വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരില്‍ 50 പേരും സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ശക്തമായി എതിര്‍ത്തു. ഇതിന് പിന്നാലെയാണ് സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായതെന്നാണ് വിവരം. തന്റെ കൂടെ ആളുകളില്ലെന്ന യാഥാര്‍ഥ്യം സുധാകരന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്.
കണ്ണൂരില്‍ നടന്ന 'രഹസ്യ ഓപ്പറേഷന്‍'
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കിടയിലാണ് ഐഐസിസി നിരീക്ഷകന്‍ ദീപദാസ് മുന്‍ഷി സുധാകരനെ വിളിച്ച് ഉപാധി മുന്നോട്ടുവെച്ചത്. കണ്ണൂര്‍ മണ്ഡലത്തിലെ വാര്‍ഡ് കമ്മിറ്റികളില്‍ ഭൂരിഭാഗവും സുധാകരനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ സീറ്റ് നല്‍കാമെന്നായിരുന്നു ആ ധാരണ. സുധാകരനെ ഒപ്പമിരുത്തിക്കൊണ്ട് തന്നെ ദീപ്ദാസ് മുന്‍ഷി കണ്ണൂരിലെ വാര്‍ഡ് പ്രസിഡന്റുമാരെ ഓരോരുത്തരായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി.
എന്നാല്‍ ഫോണ്‍ കോളുകള്‍ സ്വീകരിച്ച വാര്‍ഡ് പ്രസിഡന്റുമാര്‍ അറിഞ്ഞിരുന്നില്ല തങ്ങള്‍ സംസാരിക്കുന്നത് സുധാകരന്‍ കേള്‍ക്കുന്നുണ്ടെന്ന്. വിളിച്ച 70 വാര്‍ഡ് കമ്മിറ്റികളില്‍ 50 പേരും സുധാകരന്‍ മത്സരിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. തന്റെ വിശ്വസ്തര്‍ എന്ന് കരുതിയവര്‍ പോലും തനിക്കെതിരെ സംസാരിക്കുന്നത് നേരിട്ട് കേട്ടതോടെയാണ് സുധാകരന്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.
നാടകീയമായ പിന്മാറ്റം
സ്വന്തം മണ്ഡലത്തിലെ അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ പോലും കൂടെയില്ലെന്ന് വ്യക്തമായതോടെ സുധാകരന്‍ പത്തിമടക്കാന്‍ നിര്‍ബന്ധിതനായി. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം സ്വമേധയാ മത്സരരംഗത്ത് നിന്ന് മാറിയതും വളരെ ശാന്തനായി പാര്‍ട്ടിയെ തള്ളിപ്പറയാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതുമെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നു മാധ്യമങ്ങേളാണ് വളരെ ശാന്തനായാണ് കെ സുധാകരന്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സുധാകരന്‍. ഇതിനായി കടുത്ത സമ്മര്‍ദ്ദമുയര്‍ത്തി നില്‍ക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നു. സമ്മര്‍ദ്ദവുമായി നിന്ന സുധാകരന്റ വില പേശലിനു വഴങ്ങേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമെടുത്തു. ഇതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ അടഞ്ഞു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നു വ്യക്തമാക്കിയത്.
'പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. പുതിയ പുതിയ കാര്യങ്ങളുമായി പാര്‍ട്ടിക്കു വേണ്ടി മുന്നോട്ടു പോകും.'
പാര്‍ട്ടിയില്‍ തുടരുമോ എന്ന ചോദ്യത്തിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
'പാര്‍ട്ടിയില്‍ തുടരാതെ ഞാന്‍ പിന്നെ ഏട്യ പോണ്ടത്.'
'സ്ഥാനാര്‍ഥിത്വം നിഷേധിച്ചു എന്നതു കൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല.'
'പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും ഞാനില്ല. എന്റെ അനുയായികള്‍ മറ്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. പാര്‍ട്ടി എത്രയോ വലുതാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അതനുസരിച്ച് ഞാന്‍ മുന്‍പോട്ട് പോകും- സുധാകരന്‍ വ്യക്തമാക്കി.
