ഡെര്‍ബി കാര്‍ അപകടത്തില്‍ അനേകമാളുകള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലെന്നു വ്യാജപ്രചാരണം; ഇറാന്‍ യുദ്ധ സാഹചര്യത്തില്‍ ഭീകര ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ ഡെര്‍ബി അപകടം കൈകാര്യം ചെയ്യുന്നത് ഭീകര വിരുദ്ധ സേന; ഇന്ത്യന്‍ യുവാവിന്റെ പേര് പോലും പുറത്തു വിടാതെ കരുതലെടുത്തു ഡെര്‍ബി പോലീസ്; ഇന്നലെ ഉച്ചയോടെ റോഡ് തുറന്നതോടെ ആശങ്കകള്‍ അസ്ഥാനത്ത്
ഡെര്‍ബി: ശനിയാഴ്ച വൈകിട്ട് ഡെര്‍ബി ടൗണ്‍ സെന്ററില്‍ നടന്ന കാര്‍ അപകടത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍ ആയതിനെ കേരളത്തിലെ മുന്‍നിര മാധ്യമം മലയാളി യുവാവ് അറസ്റ്റിലായെന്നു സംശയമെന്നു വ്യാജപ്രചരണം നടത്തിയതോടെ ആശങ്കയിലായത് യുകെ മലയാളികളും നാട്ടിലെ ബന്ധുക്കളും. അറസ്റ്റില്‍ ആയ യുവാവിനെ സംബന്ധിച്ച് ഒരു സൂചനയും പോലീസ് നല്‍കാതിരിക്കെയാണ് മലയാളിയെന്ന സംശയമുണ്ടെന്ന വ്യാജ പ്രചാരണം ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉണ്ടെന്നു പറയുന്ന പത്രം തന്നെ നടത്താന്‍ മുന്നിട്ടിറങ്ങിയത്.
ഇതേതുടര്‍ന്ന് അനേകം ആളുകള്‍ മറുനാടന്‍ മലയാളിയില്‍ ബന്ധപ്പെട്ടതോടെ ഡെര്‍ബി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കം ഉള്ളവരുമായി വിവരം തേടിയെങ്കിലും മലയാളി യുവാക്കള്‍ ആരും അറസ്റ്റില്‍ ആയതായി സംശയിക്കുന്നില്ല എന്നാണ് മറുനാടന്‍ മലയാളിക്ക് ലഭിച്ച വിവരം. മാത്രമല്ല സംഭവം നടക്കുന്ന സമയം ഡെര്‍ബി ടൗണില്‍ ടാക്സി ഓടിച്ചിരുന്ന മലയാളി പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ നേരില്‍ കാണുകയും ചെയ്ത സ്ഥിതിക്ക് മലയാളിയല്ല അറസ്റ്റില്‍ ആയത് എന്ന സ്ഥിരീകരണത്തിനാണ് വാസ്തവവും ആയി പൊരുത്തമേറുന്നതും.
അറസ്റ്റില്‍ ആയ യുവാവ് ഇന്ത്യന്‍ വംശജന്‍ ആണെന്നും ഏതാനും വര്‍ഷമായി യുകെയില്‍ താമസിക്കുന്ന വ്യക്തി ആണെന്നുമുള്ള വിവരം മാത്രമാണ് ഇപ്പോള്‍ പോലീസ് പങ്കുവയ്ക്കുന്നത്. ഇറാന്‍ യുദ്ധ സാഹചര്യത്തില്‍ ബ്രിട്ടനില്‍ ഭീകര ആക്രമണം ഉണ്ടായേക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് ജാഗ്രത പാലിക്കുന്ന സന്ദര്‍ഭത്തില്‍ ഉണ്ടായ അസാധാരണ അപകടത്തെ ഇപ്പോള്‍ കൗണ്ടര്‍ ടെറിറസം പൊലീസാണ് കൈകാര്യം ചെയ്യുന്നത്. മുന്‍പ് സമാനമായ വിധത്തില്‍ മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും ടൗണ്‍ സെന്ററുകളില്‍ കൂട്ട അപകടം ഉണ്ടായപ്പോഴും ഭീകര വിരുദ്ധ സേനയാണ് കേസ് കൈകാര്യം ചെയ്തതെങ്കിലും പിന്നീട് ആ സംഭവങ്ങള്‍ സാധാരണ അപകടം മാത്രമെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഡെര്‍ബിയിലും പോലീസ് ഭീകര ആക്രമണ സാധ്യത കൂടി ചേര്‍ത്തുള്ള അന്വേഷണം നടത്തുന്നത്.
മദ്യലഹരിയിലോ ഫോണ്‍ ഉപയോഗിച്ചത് വഴി ഉണ്ടായ ശ്രദ്ധക്കുറവിലോ സംഭവിച്ച അപകടമാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതലായും പറയപ്പെടുന്നത്. ഒട്ടേറെ വഴിയാത്രക്കാരിലേക്ക് കാര്‍ ഇടിച്ചു കയറിയതാണ് ഭീകര ആക്രമണ സാധ്യതയിലേക്ക് ബ്രിട്ടിഷ് പോലീസിന്റെ സംശയം എത്താന്‍ കാരണമായത്. ഡ്രൈവര്‍ ബ്രിട്ടീഷ് വംശജന്‍ അല്ലാത്തതും മറ്റൊരു പ്രധാന കാരണമായി. അപകടത്തില്‍ പരുക്കേറ്റ ഏഴു പേരില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് ഒടുവില്‍ എത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ കറുത്ത മാരുതി സുസുകി കാറാണ് അപകടം ഉണ്ടാക്കിയത്.
കൊലപാതക ശ്രമം അടക്കമുള്ള കുറ്റത്തിനാണ് ഇപ്പോള്‍ ഇന്ത്യക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരുക്കേറ്റവര്‍ റോഡിലും കാല്‍നടക്കുള്ള സ്ഥലത്തും ഒക്കെയായി വീണു കിടന്നതു സ്തോഭജനകമായ കാഴ്ചയാണ് നാട്ടുകാരില്‍ സൃഷ്ടിച്ചത്. എങ്കിലും പോലീസ് എത്തുമ്പോഴേക്കും ആളുകള്‍ ഓടിക്കൂടി ജീവന്‍രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജനങ്ങളുടെ ക്രിയാത്മക സഹകരണത്തിനും ഇന്നലെ പോലീസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സെക്കന്റുകള്‍ക്കുള്ളില്‍ പോലീസ് പാഞ്ഞെത്തി എന്നതും പരുക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായകമായി.
ഇന്നലെ ഉച്ചകഴിഞ്ഞു മാധ്യമങ്ങളെ കാണുമ്പോഴും ഡെര്‍ബി പോലീസ് ചീഫ് സുപ്രണ്ടന്റ് എമ്മ അല്‍ഡ്രെഡ് അപകടത്തെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിട്ടില്ല. ഡ്രൈവര്‍ പറയുന്ന കാര്യങ്ങള്‍ നൂറു ശതമാനം വിശ്വാസത്തിലെടുക്കാന്‍ സമയമായിട്ടില്ല എന്ന നിലപാടിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല എന്നാണ് പോലീസിന്റെ നിലപാട്. എങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എന്ന സൂചന നല്‍കാന്‍ പോലീസ് തയ്യാറായത് സംഭവത്തിന്റെ ഗൗരവം കുറയ്ക്കുകയാണ്. മാത്രമല്ല ഈ അപകടം വഴി പൊതുജനങ്ങള്‍ കൂടുതല്‍ ആശിക്കപ്പെടേണ്ടതില്ല എന്നും പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ അപകടം നടന്ന സ്ഥലം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതും പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നില്ല എന്നാണ് സൂചിപ്പിച്ചത്. ഇതോടെ ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്.
വ്യാജ വാര്‍ത്തയില്‍ കുടുങ്ങിയത് ക്രിഞ്ച് കൊണ്ടന്റ് ക്രിയേറ്റേഴ്സ്
മലയാളി യുവാവാണ് ഈ സംഭവത്തില്‍ അറസ്റ്റില്‍ ആയതെന്ന വാര്‍ത്ത ഇന്നലെ കേരളത്തിലെ പത്രത്തിലെ വിദേശ വിഭാഗം വാര്‍ത്തയില്‍ കടന്നു കൂടിയത് ഒട്ടേറെ മലയാളികളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. വ്യാജമെന്ന് ബോധ്യമായിട്ടും ഇത്തരം ഒരു വാര്‍ത്ത നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്നെ ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്.
നൂറു കണക്കിന് മലയാളികള്‍ താമസിക്കുന്ന ഡെര്‍ബി പോലെയുള്ള പട്ടണത്തില്‍ ഉണ്ടായ അപകടത്തെ കുറിച്ചു മലയാളി സമൂഹത്തില്‍ തിരക്കിയാല്‍ തന്നെ ഏറെക്കുറെ വ്യക്തത ഉള്ള വിവരം ലഭിക്കും എന്നിരിക്കെയാണ് വ്യാജ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു മടിയും ഇല്ലാത്ത, അതേസമയം പ്രൊഫഷണല്‍ ആണെന്നു സ്വയം പറയുകയും ചെയ്യുന്ന പത്രം വിവരം തിരക്കാന്‍ മിനക്കെടാതെ കഥ മെനഞ്ഞത് എന്നാണ് ഇപ്പോള്‍ അനുമാനിക്കാനാകുന്നത്. ഡ്രൈവര്‍ മലയാളി ആണെങ്കില്‍ തന്നെ അതിനു പോലീസ് സ്ഥിരീകരണം വന്ന ശേഷം നല്‍കുന്നതല്ലേ കൂടുതല്‍ മാന്യത എന്നാണ് ഡെര്‍ബിയിലെ ആദ്യകാല മലയാളികള്‍ തന്നെ രോഷത്തോടെ ഇപ്പോള്‍ പങ്കുവയ്ക്കുന്ന വികാരം.
ജനശ്രദ്ധയ്ക്ക് വായനക്കാര്‍ ഇല്ലാത്ത മാധ്യമങ്ങള്‍ ഇത്തരത്തില്‍ കള്ളക്കഥകള്‍ മിനയുന്നത് പതിവാണെങ്കിലും പ്രൊഫഷണല്‍ മാധ്യമ സ്ഥാപനത്തില്‍ നിന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഏറി വരുന്നത് സഹതാപത്തോടെ മാത്രമേ കാണാനാകൂ എന്നാണ് ഡെര്‍ബിയില്‍ പടരുന്ന വികാരം. വ്യാജ വാര്‍ത്ത മുന്‍പിന്‍ നോക്കാതെ വീഡിയോ ചെയ്യാന്‍ തയ്യാറായ വ്ലോഗര്‍മാരും യൂട്യൂബര്‍മാരും അബദ്ധം മനസിലായതോടെ വീഡിയോ പിന്‍വലിച്ചതും കൗതുകമായി.
രോഷത്തോടെ ഡെര്‍ബി മലയാളികള്‍ പ്രതികരിക്കാന്‍ തയ്യാറായതിന്റെ ചൂട് തിരിച്ചറിഞ്ഞാണ് ക്രിഞ്ച് കൊണ്ടന്റ് ക്രിയേറ്റേഴ്സ് എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത വീഡിയോ റിപ്പോര്‍ട്ടേഴ്‌സ് പറഞ്ഞതൊക്കെ വിഴുങ്ങി വീഡിയോകള്‍ പിന്‍വലിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി കയറെടുക്കുന്ന ഇത്തരക്കാര്‍ തങ്ങള്‍ ചെയ്യുന്ന വീഡിയോ ആദ്യം കാഴ്ചക്കാരില്‍ എത്താനുള്ള വ്യഗ്രത കാണിക്കുന്നതാണ് ഇത്തരം വ്യാജ വിവരങ്ങള്‍ കാട്ടു തീ പോലെ പടരാന്‍ കാരണക്കാര്‍ ആയി മാറുന്നതും.
