ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ

ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി

Update: 2026-03-28 18:07 GMT

ബംഗളൂരു: ഐ പി എല്ലിന്റെ പുതിയ സീസണ്‍ റോയലായി തുടങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഉദ്ഘാടനമത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്തു.202 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 15.4 ഓവറില്‍ ആണ് ബംഗളൂരു മറികടന്നത്.അര്‍ധ സെഞ്ച്വറി നേടിയ ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആര്‍ സി ബിക്ക് അനായാസ ജയം ഒരുക്കിയത്.

കോഹ് ലി 38 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പടിക്കല്‍ 26 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദിനായി ഡേവിഡ് പെയ്ന്‍ 2 വിക്കറ്റ് വീഴ്ത്തി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും 64-ാം അര്‍ധസെഞ്ചുറി തികച്ച കോലി സ്വന്തമാക്കി.

202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ(8) നഷ്ടമായി.എന്നാല്‍ മൂന്നാം നമ്പറില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കല്‍ 26 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തി 61 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ആര്‍സിബി 8.4 ഓവറില്‍ 110 റണ്‍സിലെത്തിയിരുന്നു.തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ രജത് പാട്ടീദാര്‍(12 പന്തില്‍ 31) റണ്‍സെടുത്ത് വിജയത്തിലേക്കുള്ള യാത്ര എളുപ്പമാക്കി.ജിതേഷ് ശര്‍മ ഗോള്‍ഡന്‍ ഡക്കായെങ്കിലും കോലിയും ടിം ഡേവിഡും(10 പന്തില്‍ 16*) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബിയുടെ ജയം ആധികാരികമാക്കി.പെയ്ന് പുറമെ ജയദേവ് ഉനദ്ഖട്,ഹര്‍ഷ് ദുബെ എന്നിവര്‍ ഒരോ വിക്കറ്റ് വിതവും വീഴ്ത്തി.

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. നായകന്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയും അവസാന ഓവറുകളില്‍ അനികേത് വര്‍മ്മ നടത്തിയ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിനെ ഇരുനൂറ് കടത്തിയത്. അഭിഷേക് ശര്‍മയും (8 പന്തില്‍ 7), ട്രാവിസ് ഹെഡും(9 പന്തില്‍ 11) നിതീഷ് കുമാര്‍ റെഡ്ഡിയും(6 പന്തില്‍ 1)പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയതോടെ തുടക്കത്തിലെ 29-3ലേക്ക് തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷനാണ് കരകയറ്റിയത്.

നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം(22 പന്തില്‍ 31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കിഷന്‍ ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. തുടക്കം മുതല്‍ ആര്‍സിബി ബൗളര്‍മാരെ കടന്നാക്രമിച്ച കിഷന്‍ 38 പന്തില്‍ നിന്ന് 80 റണ്‍സ് അടിച്ചുകൂട്ടി. 8 ഫോറുകളും 5 കൂറ്റന്‍ സിക്സറുകളുമാണ് പറത്തിയ കിഷനെ ഫിള്‍ സാള്‍ട്ട് പറന്നു പിടിച്ചതിന് പിന്നാലെ ഹൈദരാബാദിന് വീണ്ടും അടിതെറ്റിയെങ്കിലും അവസാന ഓവറുകളില്‍ അനികേത് വര്‍മ്മ നടത്തിയ പ്രകടനമാണ് സ്‌കോര്‍ 200 കടത്തിയത്.വെറും 18 പന്തില്‍ നിന്ന് 43 റണ്‍സാണ് അനികേത് അടിച്ചുകൂട്ടിയത്. 4 സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു അനികേതിന്റെ ഇന്നിംഗ്സ്.

ആര്‍സിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിംഗ്, സുയാഷ് ശര്‍മ്മ, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.


Tags:    

Similar News