മോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്‌പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?

മോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്!

Update: 2026-03-28 13:53 GMT

ന്യൂഡല്‍ഹി: ട്രംപും മോദിയും സംസാരിക്കുമ്പോള്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ലൈനിലുണ്ടായിരുന്നോ? വൈറ്റ് ഹൗസ് നിഷേധിക്കുമ്പോഴും ലോകമാധ്യമങ്ങള്‍ ആ സസ്‌പെന്‍സ് വിടാതെ പിന്തുടരുകയാണ്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ മാര്‍ച്ച് 24-ന് നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച നിഷേധിച്ചു. ഇരുനേതാക്കളും മാത്രമാണ് സംസാരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ഇറാനുനേരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി സൈനികാക്രമണം ആരംഭിച്ചതിനുശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്. ഇറാന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ചൊവ്വാഴ്ച ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്.

'ഇത്തരമൊരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 24-ന് നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാത്രമാണ് പങ്കെടുത്തത്,' വിദേശകാര്യ മന്ത്രാലയ വക്താവ് അടിവരയിട്ടു പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് മസ്‌ക് ഈ ഫോണ്‍ കോളില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. 'പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും പങ്കുചേര്‍ന്നു. ഒരു യുദ്ധകാല പ്രതിസന്ധി ഘട്ടത്തില്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരു സ്വകാര്യ വ്യക്തി പങ്കെടുക്കുന്നത് അസാധാരണമായ കാര്യമാണ്,' ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് മസ്‌ക് മാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ട്രംപും മസ്‌കും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കോളില്‍ മസ്‌ക് എന്തുകൊണ്ടാണ് പങ്കെടുത്തതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, പ്രധാനമന്ത്രി മോദി എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പില്‍ നയതന്ത്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് 'തുറന്നതും സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവുമാകണമെന്ന്' ഇരുപക്ഷവും ആഹ്വാനം ചെയ്തതായും, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചതായും പോസ്റ്റില്‍ പറയുന്നു.

'പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ പിന്തുണ നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവുമാണെന്ന് ഉറപ്പാക്കേണ്ടത് ലോകത്തിന് തന്നെ അത്യാവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളില്‍ പരസ്പരം ബന്ധപ്പെടാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' പ്രധാനമന്ത്രി എക്‌സില്‍ (X) കുറിച്ചു.

ഈ ആഴ്ച തന്നെ ഇറാന്‍ വാഷിംഗ്ടണുമായി ചര്‍ച്ച നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നതായും അതില്‍ പ്രതീക്ഷയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വെള്ളിയാഴ്ച പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയോട് ടെഹ്റാന്‍ പ്രതികരിക്കുമെന്ന് വാഷിംഗ്ടണ്‍ പ്രതീക്ഷിക്കുന്നു. 'ഇതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞേക്കും,' മിയാമിയില്‍ നടന്ന ബിസിനസ് ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലായതാണ് നിലവിലെ പ്രധാന പ്രശ്‌നം. ഇത് ആഗോള വിപണിയെ തകിടം മറിക്കുകയും എണ്ണവില യുക്രെയ്ന്‍ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനോ അല്ലെങ്കില്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നേരിടുന്നതിനോ ഉള്ള സമയപരിധി ട്രംപ് ഏപ്രില്‍ 6 വരെ നീട്ടിയിട്ടുണ്ട്. ഇതിനിടെ, വെള്ളിയാഴ്ച ഇറാന്റെ മൂന്ന് ആണവനിലയങ്ങള്‍ക്കും രണ്ട് സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെ ആക്രമണമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒന്നുകില്‍ നാമാവശേഷമാക്കും അല്ലെങ്കില്‍ സമാധാന കരാര്‍ ഉണ്ടാക്കും എന്ന നിലപാടില്‍ മാറിമാറി നില്‍ക്കുന്ന ട്രംപ്, ഇസ്ലാമിക് റിപ്പബ്ലിക് ഒരു 'കരാറിന് തയ്യാറാണെന്ന്' അവകാശപ്പെട്ടു. എന്നാല്‍, മേഖലയിലെ വ്യവസായ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതിനകം തന്നെ യുഎസ് സൈനിക താവളങ്ങള്‍ക്കും അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും നേരെ സമാനമായ മുന്നറിയിപ്പുകള്‍ അവര്‍ നല്‍കിയിരുന്നു. യുദ്ധത്തിനിടയില്‍ ദുബായ് എയര്‍പോര്‍ട്ട്, ബഹ്റൈന്‍ തലസ്ഥാനം, മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയുടെ സമാധാനപരമായ പ്രതിച്ഛായയെ തകര്‍ത്തിരിക്കുകയാണ്.

Tags:    

Similar News