സുധാകരന്‍ 'ഗുഡ് ബൈ' പറഞ്ഞതോടെ അഞ്ജനത്തിലേക്ക് വിളിച്ച് ചെന്നിത്തല; അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആകെ തകരുമെന്ന് എകെയെ ബോധിപ്പിച്ച ആര്‍ സി; പിന്നാലെ രാഹുല്‍ ഗാന്ധിയെ വിളിച്ച് മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗം; ഖാര്‍ഗെയേയും ബോധ്യപ്പെടുത്തി; ഇതോടെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായി; 'സിംഹ'ത്തിന്റെ കലിയടക്കി ആന്റണി; കണ്ണൂരിലെ കരുത്തനെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിലെ 'അള്‍ട്ടിമേറ്റ് ക്രൈസിസ് മാനേജര്‍'

Update: 2026-03-19 06:19 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പിടിച്ചുലച്ച 'സുധാകര പ്രളയം' ഒടുവില്‍ ശാന്തമാകുന്നു. പാര്‍ട്ടിയോട് 'ഗുഡ് ബൈ' പറഞ്ഞ് കണ്ണൂരില്‍ സ്വതന്ത്രനാകാന്‍ ഒരുങ്ങിയ കെ. സുധാകരനെ ആന്റണി മാജിക് പ്രയോഗിച്ച് അനുനയിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരുന്ന ഞെട്ടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് സുധാകരനെ പിന്തിരിപ്പിച്ചത് എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും നയതന്ത്ര ഇടപെടലുകളാണ്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി 'ക്രൈസിസ് മാനേജര്‍' ആയി എ.കെ. ആന്റണി ഉദിച്ചുയര്‍ന്നു.

സുധാകരന്‍ കടുംകൈ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തിറങ്ങിയത്. ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയായ 'അഞ്ജന'ത്തിലേക്ക് ചെന്നിത്തല വിളിച്ചു. ആന്റണിയെ സ്ഥിതിഗതികള്‍ അറിയിച്ചു. പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഹൈക്കമാന്‍ഡ് പ്രതിനിധികളെയും ബന്ധപ്പെട്ട ചെന്നിത്തല, സുധാകരന്റെ പ്രാധാന്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. സുധാകരന്‍ പടിയിറങ്ങിയാല്‍ മലബാറിലെ കോണ്‍ഗ്രസ് തകരുമെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്. ഇതോടെ ഹൈക്കമാന്‍ഡ് അയഞ്ഞു. രാഹുലുമായി ആന്റണിയും സംസാരിച്ചു. സുധാകരനെ കൂടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ കാര്യകാരണവും പറഞ്ഞു. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത് ഗുണകരമല്ലെന്ന് ആന്റണി നിലപാട് എടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ആന്റണി ബന്ധപ്പെട്ടു. സുധാകരന് സീറ്റ് നല്‍കണമെന്നും പിടിവാശി കളയണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഈ ആവശ്യം ഖാര്‍ഗെയും അംഗീകരിച്ചു.

രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയതോടെ സാക്ഷാല്‍ എ.കെ. ആന്റണി തന്നെ സുധാകരനെ നേരിട്ട് വിളിച്ചു. രാഷ്ട്രീയത്തിലെ ജ്യേഷ്ഠസഹോദരന്റെ സ്‌നേഹപൂര്‍ണ്ണമായ ശാസനയ്ക്ക് മുന്നില്‍ സുധാകരന്റെ വാശി അലിഞ്ഞില്ലാതായി. സുധാകരന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും തിരഞ്ഞെടുപ്പില്‍ ഉചിതമായ പ്രാധാന്യം നല്‍കുമെന്നും ആന്റണി ഉറപ്പുനല്‍കിയതായാണ് വിവരം. പദവികളില്ലാതെ തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള മറുപടി ആന്റണിയുടെ ഈ വിളിയിലൂടെ ലഭിച്ചുവെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. പദവികളില്ലാതെ ദുര്‍ബലമാവുകയാണെന്ന തോന്നലില്‍ നിന്നാണ് സുധാകരന്‍ വിപ്ലവത്തിന് കോപ്പുകൂട്ടിയത്. എന്നാല്‍ ആന്റണിയും ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ ഈ ഡയറക്ട് ഓപ്പറേഷന്‍ കോണ്‍ഗ്രസിനെ വലിയൊരു പൊട്ടിത്തെറിയില്‍ നിന്നാണ് രക്ഷിച്ചത്. അജ്ഞനത്തില്‍ നടന്ന ചര്‍ച്ചകളും ചെന്നിത്തലയുടെ ഫോണ്‍ കോളുകളും ഫലം കണ്ടതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശ്വാസത്തിലാണ്.

ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരുന്ന വിനാശകരമായ തീരുമാനത്തില്‍ നിന്ന് സുധാകരനെ പിന്തിരിപ്പിച്ചത് എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും മിന്നല്‍ വേഗത്തിലുള്ള ഇടപെടലുകളാണ്. ഇതോടെ കണ്ണൂരിലെ 'കരുത്തന്‍' സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. സുധാകരന്‍ 'ഗുഡ് ബൈ' പറയാന്‍ ഒരുങ്ങുകയാണെന്ന വിവരമറിഞ്ഞ ഉടന്‍ രമേശ് ചെന്നിത്തല രംഗത്തിറങ്ങിയതാണ് നിര്‍ണ്ണായകമായത്. 'അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആകെ തകരും' എന്ന മുന്നറിയിപ്പാണ് ചെന്നിത്തല എ.കെയ്ക്ക് നല്‍കിയത്. സുധാകരന്‍ പുറത്തുപോയാല്‍ മലബാറിലെ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നടിയുമെന്നും ചെന്നിത്തല മുതിര്‍ന്ന നേതാവിനെ ബോധ്യപ്പെടുത്തി. ഇത് ആന്റണിയും തിരിച്ചറിഞ്ഞു. രംഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട എ.കെ. ആന്റണി ഉടന്‍ തന്നെ ഇടപെട്ടു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ ആന്റണി അഭിപ്രായം പറയുന്നത്. രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ അവര്‍ക്കും ആന്റണിയ്ക്ക് വഴങ്ങേണ്ടി വന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സുധാകരന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ആന്റണി ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. ആന്റണിയുടെ ഉറച്ച നിലപാടിന് മുന്നില്‍ ഡല്‍ഹി നേതൃത്വം വഴങ്ങി. സുധാകരന്‍ മത്സരിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം തിരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായതോടെയാണ് നാടകീയ വഴിത്തിരിവുണ്ടായത്. മുമ്പും സുധാകരനെ ആന്റണി അനുനയിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡില്‍ നിന്ന് അനുമതി ലഭിച്ചതോടെ എ.കെ. ആന്റണി നേരിട്ട് സുധാകരനെ വിളിച്ചു. രാഷ്ട്രീയത്തിലെ തന്റെ വലിയേട്ടന്റെ സ്‌നേഹപൂര്‍ണ്ണമായ ശാസനയ്ക്ക് മുന്നില്‍ സുധാകരന്റെ വാശി അലിഞ്ഞില്ലാതായി. 'നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകണം' എന്ന ആന്റണിയുടെ വാക്ക് വിശ്വസിച്ച് സുധാകരന്‍ തന്റെ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറി. തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള മറുപടി ആന്റണിയുടെ ഈ ഇടപെടലിലൂടെ ലഭിച്ചുവെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ ആവേശം.

കണ്ണൂരിലെ കോണ്‍ഗ്രസിനെ വലിയൊരു പൊട്ടിത്തെറിയില്‍ നിന്ന് രക്ഷിച്ച എ.കെ. ആന്റണി ഒരിക്കല്‍ കൂടി കോണ്‍ഗ്രസിലെ 'അള്‍ട്ടിമേറ്റ് ക്രൈസിസ് മാനേജര്‍' ആയി മാറിയിരിക്കുകയാണ്. ഈ ചാണക്യ തന്ത്രത്തിലൂടെ യുഡിഎഫ് ക്യാമ്പില്‍ പുതിയ ഊര്‍ജ്ജമാണ് നിറയുന്നത്.

Tags:    

Similar News