പാതിരാ റെയ്ഡ് നടന്ന ഹോട്ടല്‍ പെരിന്തല്‍മണ്ണയിലെ ഇടതു സ്ഥാനാത്ഥിയുമായ കെ പി മുസ്തഫയുടെത്; കള്ളപ്പണ ട്രോളി ആരോപണം എടുത്തിട്ടത് സിപിഎം ആഭിമുഖ്യമുള്ള റിപ്പോര്‍ട്ടര്‍; വാട്സാപ്പ് ഗ്രൂപ്പുകളിലുടെ പ്രചരിപ്പിച്ചത് കൈയോടെ പിടിക്കണമെന്ന്; പാലക്കാട്ടെ റെയ്ഡ് നാടകം ആസുത്രിതം?
പാലക്കാട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളെ അടക്കം റെയ്ഡ് നാടകത്തിലുടെ പൊലീസ് അപമാനിക്കാന്‍ ശ്രമിച്ചത് തികച്ചും ആസൂത്രിതമെന്ന് സംശയം. സിപിഎം ആഭിമുഖ്യമുള്ള റിപ്പോര്‍ട്ടറാണ് ആദ്യം പാലക്കാട്ടെ കെപിഎം റീജന്‍സിയില്‍, തമിഴ്നാട് രജിസ്ട്രഷനുള്ള ഒരു ആഢംബര കാറില്‍ ഒരു വലിയ ട്രോളിയിലായി കോടിക്കണക്കിന് രൂപയുടെ കളളപ്പണം കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്നുവെന്ന് വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നത്. തുടര്‍ന്ന് ഇത് വോയ്സ് ടെക്സറ്റ് മെസേജുകളായി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കയായിരുന്നു. ഇത് കേട്ട് കോണ്‍ഗ്രസ് നേതാക്കളെ കൈയോടെ പിടിക്കുന്നത് കാണാനാണ്, സിപിഎം അനുഭാവികള്‍ ഹോട്ടലിലേക്ക് എത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയത് എന്നാണ് കൈരളി ടീവി റിപ്പോര്‍ട്ടര്‍ കൊടുത്ത വിവരം. ഇത് പാലക്കാട്ടെ സിപിഎം നേതാക്കള്‍ ഏറ്റെടുക്കയായിരുന്നു. അങ്ങനെയാണ് വിവരം പൊലീസില്‍ എത്തുന്നത്. വൈകാതെ വിഷയം ബിജെപിയും ഏറ്റെടുത്തു. സ്ഥലത്തെത്തിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണനും ഫെനിയുടെ പേരാണ് എടുത്തുപറയുന്നത്.
കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യവസായ പ്രമുഖന്‍ കെ.പി മുസ്തഫയുടേതാണ് പാലക്കാട്ടെ കെപിഎം ഹോട്ടല്‍. തെറ്റായ വിവരം പ്രചരിച്ചതില്‍, ഈ ഹോട്ടലിലെ ജീവനക്കാരില്‍ ചിലര്‍ക്ക് പങ്കുണ്ടോ എന്നും യുഡിഎഫ് സ്ഥാനാത്ഥി രാഹുല്‍ മാങ്കൂട്ടത്തിലടക്കം സംശയിക്കുന്നുണ്ട്. കൃത്യമായ വിവരം കിട്ടിയെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇലക്ഷന്‍ കമ്മീഷനെപ്പോലും അറിയിക്കാതെയും, വനിതാ പൊലീസ് ഇല്ലാതെയും, ഓടിവന്നത്. എന്നാല്‍ സേര്‍ച്ചിനുശേഷം ഒന്നും കണ്ടെത്തനാവാതെ അവര്‍ ഇളിഭ്യരാവുകയും ചെയ്തു. റെയ്ഡ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തടഞ്ഞതോടെയാണ്, വനിതാപൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും, ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാനുമൊക്കെ പൊലീസ് തയ്യാറാവുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നുവരെ സിപിഎം- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ സമയം കോഴിക്കോട് ആയിരുന്ന രാഹുല്‍ ഫേസ്ബുക്കില്‍ ലൈവിലെത്തി. ഈ ഹോട്ടലില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും, വി കെ ശ്രീകണ്ഠന്‍ എം പിയും, ജോ്യതികുമാര്‍ ചാമക്കാലയും മുങ്ങിയെന്നും, ഇവര്‍ അടിച്ചിറക്കി. എന്നാല്‍ മൂവരും ഹോട്ടലിലെത്തി പൊലീസിനെ വെല്ലുവിളച്ചതോടെ ആ കഥയും പൊളിഞ്ഞു. ആകെ നാണം കെട്ടുപോയ സിപിഎം ഇപ്പോള്‍ പറയുന്നത്, പണം ഉണ്ടായിരുന്നുവെന്നും അത് റെയഡ് തടസ്സപ്പെടുത്തി, മാറ്റിക്കളഞ്ഞു എന്നുമാണ്. ഏറ്റവും നിര്‍ണ്ണായകമായ വിവരങ്ങള്‍ കിട്ടുമായിരുന്ന സിസിടിവി പോലും പൊലീസ് പരിശോധിച്ചില്ല. ഹോട്ടലില്‍നിന്ന് എന്തെല്ലാമോ വ്യാജവിവരങ്ങള്‍ പുറത്തുപോയതായും കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കുന്നുണ്ട്.
കെപിഎം ഹോട്ടല്‍ ഉടമയും വ്യവസായിയുമായ കെപി മുസ്തഫ ഇപ്പോഴും സിപിഎം സഹയാത്രികയാണ്. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ വാശിയേറിയ മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിനോട് വെറും 34 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. ഫലപ്രഖ്യാപനം വന്നശേഷം പെരിന്തല്‍മണ്ണ മണ്ഡലത്തിലെ 347 സ്പെഷ്യല്‍ വോട്ടുകള്‍ എണ്ണി ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് കെ.പി മുസ്തഫ കോടതിയെ സമീപിച്ചെങ്കിലും, ഫലമുണ്ടായിരുന്നില്ല. ഈയിടെ പി വി അന്‍വര്‍, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചപ്പോള്‍, അന്‍വറിനെ തള്ളിക്കൊണ്ട്, കെ പി മുസ്തഫ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
അതിനിടെ തമിഴ്നാട് രജിസ്ട്രേഷനിനുള്ള കാറില്‍ എത്തിയത് കെപിഎമ്മിലെ മറ്റൊരു താമസക്കാരനായിരുന്നുവെന്നും ഇയാള്‍ക്ക് രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.