മമ്മൂട്ടി ഏഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുമെന്ന് സൂചന; ഒപ്പം മത്സരിക്കാന്‍ വിജയരാഘവനും ആസിഫ് അലിയും; മികച്ച നടിമാരാകാന്‍ ദിവ്യപ്രഭയും കനി കുസൃതിയും ഷംല ഹംസയും; നവാഗത സംവിധായകരായി മത്സരിക്കാന്‍ മോഹന്‍ലാലും ജോജുവും; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് തീപാറുന്ന പോരാട്ടം;പുരസ്‌കാര പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളില്‍

മമ്മൂട്ടി ഏഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുമെന്ന് സൂചന

Update: 2025-10-18 10:54 GMT

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴാംതവണയും മമ്മൂട്ടി നേടുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുന്ന 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഭ്രമയുഗത്തിലെ ഭ്രമിപ്പിക്കുന്ന അഭിനയത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടി കരസ്ഥമാക്കുമെന്നാണ് സൂചനകള്‍. പുരസ്‌കാര നിര്‍ണയജൂറി പ്രാഥമിക സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയപ്പോള്‍ മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരാണ് മികച്ച നടനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. മികച്ച നടിമാരുടെ പുരസ്‌കാരത്തിന് ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു. നവാഗത സംവിധായകരായി മത്സരിക്കാന്‍ മോഹന്‍ലാലും ജോജു ജോര്‍ജും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് നടക്കുന്നത് തീപാറുന്ന മത്സരം.

സാധാരണ ഓഗസ്റ്റ് രണ്ടാംവാരത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ വര്‍ഷം നവംബറിലാണ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയതും കോടികള്‍ കലക്ഷന്‍ നേടിയതുമായ 2024 ലെ 128 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു മത്സരിക്കാനുള്ളത്. കാന്‍ മേളയില്‍ പാം ദിയോര്‍ നേടി അന്താരാഷ്ട്ര ശ്രദ്ധനേടിയ പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത അഭിനയ മികവ് പുറത്തെടുത്ത 'ഭ്രമയുഗം', മോഹന്‍ലാല്‍ സംവിധായക കുപ്പായമണിഞ്ഞ 'ബറോസ്', ലിജോ ജോസ് പെല്ലിശേരിയുടെ 'മലൈക്കോട്ടെ വാലിബന്‍', മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയ 'മഞ്ഞുമ്മല്‍ ബോയ്സ്', തിയേറ്ററുകളില്‍ ചിരി പടര്‍ത്തിയ ജനപ്രിയ ചിത്രമായ 'പ്രേമലു', ക്രൂരത ഏറിപ്പോയെന്ന വിമര്‍ശനം കേട്ടിട്ടും വന്‍ ഹിറ്റായ 'മാര്‍ക്കോ', വിവിധ ചലച്ചിത്രമേളകളില്‍ ഇതിനകം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫാസില്‍ മുഹമ്മദിന്‍െ്റ 'ഫെമിനിച്ചി ഫാത്തിമ'... എന്നിങ്ങനെ നിരവധി മികച്ച സിനിമകള്‍ ഇത്തവണ മത്സരത്തിനുണ്ട്.

മികച്ച നടനുള്ള മത്സരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും തമ്മില്‍ അവസാനഘട്ട മത്സരം നടക്കാനാണ് സാധ്യത. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ അസാധാരണ അഭിനയമാണ് മമ്മൂട്ടിയെ മത്സരരംഗത്ത് മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ കൂടി ലഭിച്ചാല്‍ മികച്ച നടനുള്ള ഏഴാമത് സംസ്ഥാന അവാര്‍ഡാകും മമ്മൂട്ടി നേടുക. ഭ്രമയുഗം പോലെ വ്യത്യസ്തമായൊരു സിനിമ മത്സരത്തിന് ഇല്ലെന്ന മുന്‍തൂക്കവും മമ്മൂട്ടിക്കുണ്ട്്. നല്ല നടനുള്ള മത്സരത്തിന് ആസിഫ് അലിയും വിജയരാഘവനും മമ്മൂട്ടിക്കൊപ്പം മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. തലവന്‍, അഡിയോസ് അമീഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ താരത്തിന് പുരസ്‌കാരത്തിനുള്ള സാധ്യത കൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ ആസിഫ് അലിക്ക് അദ്ദേഹത്തിന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ വര്‍ഷം ലഭിക്കും.

അതേസമയം, വിജയരാഘവനും മികച്ച നടനുള്ള മത്സരത്തിനുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തിലെ വിജയരാഘവന്‍ ചെയ്ത അച്ഛന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൈഫിള്‍ ക്ലബ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ്, ഒരു കട്ടില്‍ ഒരു മുറി എന്നിവയാണ് വിജയരാഘവന്റേതായി ഇറങ്ങിയ മറ്റ് ചിത്രങ്ങള്‍. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലെ പ്രകടനത്തിന് ദിവ്യപ്രഭയും കനി കുസൃതിയും ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസയും സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിലൂടെ നസ്രിയയും തിയറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റീമയും ബൊഗയ്ന്‍വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിയും മികച്ച നടിമാരുടെ അവാര്‍ഡിന് മത്സരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, മാര്‍ക്കോ, എ.ആര്‍.എം, ഗുരുവായൂര്‍ അമ്പലനടയില്‍, ഭ്രമയുഗം, വര്‍ഷങ്ങള്‍ക്കുശേഷം, കിഷ്‌കിന്ധാകാണ്ഡം, മലൈക്കോട്ടൈ വാലിബന്‍, ഫാമിലി, അഞ്ചക്കള്ളക്കോക്കാന്‍, പവി കെയര്‍ടേക്കര്‍, മന്ദാകിനി, തലവന്‍, ഗോളം, ഗഗനാചാരി, വിശേഷം, ലെവല്‍ ക്രോസ്, വാഴ, ബൊഗയ്ന്‍വില്ല, പണി, മുറ, ആനന്ദ്് ശ്രീബാല, സൂക്ഷ്മദര്‍ശിനി, റൈഫിള്‍ ക്ലബ്ബ്, ബറോസ് എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി രംഗത്തുണ്ട്. മത്സരിക്കാനെത്തിയ 128 സിനിമകളില്‍ 53 ചിത്രങ്ങളും നവാഗതര്‍ സംവിധാനം ചെയ്തതാണ്. നവാഗത സംവിധായകനായി മത്സരിക്കുന്നവരില്‍ ഒരാള്‍ മോഹന്‍ലാലാണ്, ചിത്രം 'ബറോസ്'. മറ്റൊരാള്‍ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയിട്ടുള്ള ജോജു ജോര്‍ജാണ്, സിനിമ 'പണി'.

നടനും സംവിധായകനുമായ പ്രകാശ്രാജ് ആണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക. അവര്‍ തെരഞ്ഞെടുക്കുന്ന സിനിമകളാണ് അന്തിമജൂറിക്കു മുന്നിലെത്തുക. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണായ പ്രാഥമിക വിധിനിര്‍ണയ സമിതിയില്‍ എം.സി രാജനാരായണന്‍, സുബാല്‍ കെ.ആര്‍, വിജയരാജമല്ലിക എന്നിവരാണു ള്ളത്. ജിബു ജേക്കബ് ചെയര്‍പേഴ്സണായ പ്രാഥമിക വിധിനിര്‍ണയ സമിതിയില്‍ വി.സി അഭിലാഷ്, രാജേഷ് കെ , ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാഗം ജൂറി ചെയര്‍പേഴ്സണ്‍ മധു ഇറവങ്കരയാണ്. എ.ചന്ദ്രശേഖര്‍, ഡോ.വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍. പുതിയ സിനിമാ നയരൂപീകരണത്തിനായി നടത്തിയ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി ചലച്ചിത്രമേളയുടെയും തിരക്കുകള്‍ കാരണമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവച്ചത്.

Tags:    

Similar News