റാണി ജോര്‍ജ്ജിന്റെ താല്‍പ്പര്യക്കത്ത് കൈമാറിയത് കത്തു നല്‍കിയത് 2024 മാര്‍ച്ച് മുപ്പതിന്; കേന്ദ്ര സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തിയത് മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായ ഡോ രതീഷ് കാളിയാടന്‍! സത്യത്തില്‍ ശിവന്‍കുട്ടിയും ഒന്നും അറിഞ്ഞില്ല; പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ധാരണയില്‍ എത്തിയത് പിണറായി; പിഎം ശ്രീയെ കേരളത്തിലെത്തിച്ച 'സെക്രട്ടറിയേറ്റിലെ അറിയാക്കഥ' ഇങ്ങനെ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്തിയത് രണ്ടുവര്‍ഷത്തിനു മുന്‍പ്. വിദ്യാഭ്യാസ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടാണ് പദ്ധതി നടത്തിപ്പില്‍ താല്‍പര്യവും സമ്മതവും കേന്ദ്രത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായ രതീഷ് കാളിയാടന്‍ നേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് കത്തു തയ്യാറാക്കിയത്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന റാണി ജോര്‍ജ് താല്‍പര്യമറിയിച്ച് കേന്ദ്രത്തിന് കത്തു നല്‍കിയത് 2024 മാര്‍ച്ച് മുപ്പതിന്. പദ്ധതിയില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഡെല്‍ഹി യാത്രയ്ക്ക് ശേഷമല്ലെന്നും രണ്ടുവര്‍ഷത്തിന് മുന്‍പു തന്നെ താല്‍പര്യം അറിയിച്ചതായും പുറത്തുവന്ന കത്തിലൂടെ വ്യക്തമാകുന്നു.
പിഎം ശ്രീ ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതില്‍ ഭിന്നിച്ചുനില്‍ക്കുകയാണ് സിപിഐ. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. മുന്നണി മര്യാദ ലംഘിച്ച് പി.എം ശ്രീയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതായാണ് സൂചന. വിഷയത്തില്‍ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. അതേസമയം ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം. മുന്നണിമര്യാദ ലംഘിച്ചതില്‍ അതൃപ്തിയറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നല്‍കിയ കത്തിന് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല. ഇതിനൊപ്പമാണ് കരാര്‍ ഒപ്പിടലിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലും ചര്‍ച്ചയാകുന്നത്.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി വന്നിരുന്നത് വിദ്യാഭ്യാസ ഉപദേഷ്ടാവായ രതീഷ് കാളിയാടനാണ്. ഇതിന്‍െ്റ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് കത്ത് കൊടുത്തത്്. 2024-25 അക്കാദമിക് വര്‍ഷത്തിനു മുന്‍പ് ധാരണാപത്രം ഒപ്പിടാന്‍ താല്‍പര്യം ഉണ്ടെന്നാണ് റാണി ജോര്‍ജ് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനായി കാലതാമസം ഉണ്ടായി. നടന്നുവന്ന തുടര്‍ ചര്‍ച്ചകളും തീരുമാനങ്ങളും മറ്റു വകുപ്പുകളും സിപിഐയും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. എല്ലാ കാര്യവും കേന്ദ്രവുമായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി തീരുമാനം എടുത്തതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ചര്‍ച്ചകളുടെ വിശദാംശങ്ങളൊന്നും നേരത്തെ അറിഞ്ഞിരുന്നില്ല. അടുത്ത കാലത്ത് മാത്രമാണ് മന്ത്രി ശിവന്‍കുട്ടി പോലും എല്ലാം അറിഞ്ഞുള്ളൂവെന്നതാണ് വസ്തുത.
പി.എം ശ്രീ പദ്ധതി പോലെയുള്ള നിരവധി കേന്ദ്ര പദ്ധതികള്‍ മറ്റു വകുപ്പുകളിലും നടക്കുന്നുണ്ട്. 145 കേന്ദ്ര ആവിഷ്‌കൃത പദ്ധതികളാണ് കേരളം ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. എല്ലാ കേന്ദ്ര ആവിഷ്‌കൃത പദ്ധതികളിലും കേന്ദ്രത്തിന് ഇടപെടാന്‍ കഴിയും അതുപോലെ മാത്രമേ ഇതിലും ഇടപെടാന്‍ കഴിയൂ. കേന്ദ്രം ആവിഷ്‌കരിക്കുന്ന രൂപരേഖക്ക് ഉള്ളില്‍ നിന്നുകൊണ്ടു മാത്രമേ ഏത് കേന്ദ്ര ആവിഷ്‌കൃത പദ്ധതികളും നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പി.എം ശ്രീ പദ്ധതിയും അതുപോലെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ. കൃഷിയിലും ഫിഷറീസിലും സിപിഐയുടെ വകുപ്പുകളിലെ വിശേഷിച്ചും സിവില്‍ സപ്ലൈസിലെ പി.ആര്‍.എസ് ലോണ്‍ ഇതൊക്കെ കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ ആണ്. കേന്ദ്ര ആവിഷ്‌കരണ പദ്ധതികള്‍ പൂര്‍ണമായി വേണ്ടെന്ന തീരുമാനം മറ്റു വകുപ്പുകള്‍ കൈക്കൊണ്ടിട്ടില്ല. പി.എം ശ്രീ പദ്ധതിയില്‍ കരിക്കുലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് എത്രകണ്ട് സാധ്യമാകുമെന്നത് കണ്ടറിയേണ്ടി വരും.
പദ്ധതിയില്‍ ഒപ്പിട്ടാലും കേരളത്തിന്റെ സിലബസ് മാത്രമേ പഠിപ്പിക്കുകയുള്ളൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായാണ് മുഖ്യമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസ മന്ത്രിയും അവകാശപ്പെടുന്നുതെങ്കിലും അതിനുള്ള സാധ്യതയും വളരെ വിരളമാണ്. വാക്കാലുള്ള ഉറപ്പുകള്‍ കേന്ദ്രം തന്നിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും അവ ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ എന്നപോലെ കേന്ദ്രം നിശ്ചയിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള പാഠ്യ പദ്ധതി ആയിരിക്കും കേരളത്തിലും നടപ്പാക്കുക. വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുള്ള കേരളം ഈ പദ്ധതിയില്‍ നിന്നും മാറി നില്‍ക്കുന്നത് കേരളത്തിനും ഭൂഷണമല്ല.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതി വിലയിരുത്തുമ്പോള്‍ കേന്ദ്രം കൂടുതല്‍ ഇടപെടലുകള്‍ക്ക് നിര്‍ബന്ധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കരുതുന്നത്. കേന്ദ്ര- സംസ്ഥാന സിലബസുകള്‍ തമ്മില്‍ താരതമ്യ പഠനവും കൂടി നടത്തി കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് സൂചന. ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ബിനോയ് വിശ്വത്തെ കണ്ടതിനപ്പുറം ഒരു ചര്‍ച്ചയും ഇതുസംബന്ധിച്ച് നടന്നിട്ടില്ല. അതിനാല്‍, തിങ്കളാഴ്ച രാവിലെ ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗം നിര്‍ണായകമാണ്. വഴങ്ങി മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യവും മുന്‍പിലില്ലെന്ന് നേതാക്കളെല്ലാം ഒരേപോലെ വ്യക്തമാക്കി. എന്നാല്‍ കടുത്ത നിലപാടിന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന് താല്‍പ്പര്യവുമില്ല.
