ബിഎസ്എന്‍എല്ലില്‍ നിന്നും 'ഇന്ത്യ' പുറത്ത്; കണക്ടിങ് ഇന്ത്യ ഇനി കണക്ടിങ് ഭാരത്; നിറം മാറ്റത്തോടെ പുതിയ ലോഗോ പുറത്തിറക്കി; കാവി നിറമുള്ള വൃത്തത്തിനുള്ളില്‍ ഇന്ത്യയുടെ ഭൂപടം; വിമര്‍ശിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ്

പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോ

Update: 2024-10-22 15:41 GMT

ന്യൂഡല്‍ഹി: ഇന്ത്യ മാറ്റി ഭാരതമാക്കിയ പട്ടികയിലേക്ക് ഇനി ബിഎസ്എന്‍എല്ലും. ബി.എസ്.എന്‍.എല്ലിന്റെ പുതിയ ലോഗോയില്‍ ഇന്ത്യ മാറ്റി ഭാരതമാക്കി. പഴയ ലോഗോയിലെ കണക്ടിങ് ഇന്ത്യ എന്നുള്ളതാണ് കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാവി നിറമുള്ള വൃത്തത്തിനുള്ളില്‍ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തില്‍ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയില്‍ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നല്‍കിയിരിക്കുന്നത്.

സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തെയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍. വ്യക്തമാക്കി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. നേരത്തെ ദൂരദര്‍ശന്‍ ലോഗോ ചുവപ്പില്‍ നിന്ന് കാവിനിറത്തിലാക്കിയതും കൂടാതെ ജി20 ക്ഷണക്കത്തില്‍ ഇന്ത്യ വെട്ടി ഭാരതമാക്കിയതും വിവാദമായിരുന്നു.

അതേസമയം, ലോഗോ മാറ്റത്തില്‍ വിമര്‍ശനവുമായി തമിഴ്‌നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് ആരോപിച്ചു. ബിഎസ്എന്‍എല്‍ എന്ന് ഇംഗ്ലീഷിലുള്ള എഴുത്തിന് താഴെയുള്ള കണക്ടിങ് ഇന്ത്യ എന്നുണ്ടായിരുന്ന ആപ്തവാക്യമാണ് കണക്ടിങ് ഭാരത് എന്നാക്കിയത്.

Tags:    

Similar News