വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൗജന്യം; വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും; വമ്പന്‍ വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.

Update: 2026-02-05 05:26 GMT

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം ബാക്കിനില്‍ക്കെ ജനപ്രിയ വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.യുടെ രണ്ടാംഘട്ട പ്രകടന പത്രിക. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്നും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്നുമാണ് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പുറത്തിറക്കിയ രണ്ടാം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം.

വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കല്‍, ജല്ലിക്കെട്ടില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം, ഭിന്നശേഷിക്കാരുടെ കടം എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കടമാണ് എഴുതിത്തള്ളുക. തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാവപ്പെട്ട വിദ്യാര്‍ഥികള്‍ വായ്പ തിരിച്ചടയ്ക്കാനാതെ ബുദ്ധിമുട്ടുകയാണ്. അഭ്യസ്ഥവിദ്യരുടെ ദുരിതം മനസ്സിലാക്കിയാണ് വായ്പ എഴുതിത്തള്ളുന്നതെന്ന് പളനിസ്വാമി അറിയിച്ചു.

ജോലി കിട്ടാത്തവരുടെ കുടുംബം ജീവിതകാലം മുഴുവന്‍ വായ്പ തിരിച്ചടയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മികച്ച ഉന്നതവിദ്യാഭ്യാസം നേടാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ ഡി.എം.കെ. സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബസുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഗ്രാമങ്ങളില്‍ വീടില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കുമെന്നും നഗരങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നും അറിയിച്ചിരുന്നു. ഇവര്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കുമെന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം വര്‍ഷത്തില്‍ 150 ദിവസം തൊഴില്‍ നല്‍കുമെന്നും അറിയിച്ചിരുന്നു.

Similar News