നടുറോഡില്‍ ലംബോര്‍ഗിനിയില്‍ അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ പണി പാളി; കാര്‍ കസ്റ്റഡിയിലെടുത്തു പോലീസ്

നടുറോഡില്‍ ലംബോര്‍ഗിനിയില്‍ അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ പണി പാളി; കാര്‍ കസ്റ്റഡിയിലെടുത്തു പോലീസ്

Update: 2026-03-22 15:15 GMT

ബംഗളൂരു: എം.ജി റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയതിനെത്തുടര്‍ന്ന് ആഡംബര കാറായ ലംബോര്‍ഗിനി കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കബ്ബണ്‍ പാര്‍ക്ക് ട്രാഫിക് പൊലീസ് വാഹന ഉടമക്കെതിരെ കേസെടുത്ത് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ച അനില്‍ കുംബ്ലെ സര്‍ക്കിളിലായിരുന്നു സംഭവം. KA05 NR 0009 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്. മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയിലായിരുന്നു കാറിന്റെ പാച്ചില്‍. സമീപത്തുണ്ടായിരുന്നവര്‍ ഇത് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.

11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍, ജംഗ്ഷനില്‍ വെച്ച് കാര്‍ വട്ടം കറക്കുന്നതും ചുറ്റുമുള്ളവര്‍ ആര്‍പ്പുവിളിക്കുന്നതും കാണാം. അഭ്യാസത്തിന് ശേഷം കാര്‍ അതിവേഗത്തില്‍ അവിടെ നിന്നും ഓടിച്ചുപോവുകയായിരുന്നു. പൊതുജന സുരക്ഷക്ക് ഭീഷണിയുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), മോട്ടോര്‍ വാഹന നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹന ഉടമയെ തിരിച്ചറിഞ്ഞതായും ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News