ജയിലുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും മെയ് 18നകം നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി
സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രതികളുടെ വിവരങ്ങളും സംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ഓരോ ജയിലിന്റെയും അനുവദനീയമായ ശേഷി, നിലവിലുള്ള തടവുകാരുടെ എണ്ണം, തിരക്ക് കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം മെയ് 18നകം സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്.
ജയിലുകളില്‍ കഴിയുന്ന വനിത തടവുകാരുടെയും അവര്‍ക്കൊപ്പം കഴിയുന്ന കുട്ടികളുടെയും ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വനിത ജയിലുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. 2026 മാര്‍ച്ച് 1 വരെയുള്ള കൃത്യമായ കണക്കുകളാണ് സംസ്ഥാന ഹോം സെക്രട്ടറിമാര്‍ സത്യവാങ്മൂലത്തിലൂടെ സമര്‍പ്പിക്കേണ്ടത്.
ജയിലുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ബഞ്ച്. നിലവില്‍ കോടതിയുടെ പക്കലുള്ള കണക്കുകള്‍ 2023ലേതാണെന്നും, ഫലപ്രദമായ ഇടപെടലിന് സമകാലികമായ വിവരങ്ങള്‍ അനിവാര്യമാണെന്നും അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് പുതിയ വിവരങ്ങള്‍ തേടാന്‍ കോടതി തീരുമാനിച്ചത്.
ജയില്‍ ഭരണനിര്‍വഹണത്തിലെ പോരായ്മകളും കോടതിയുടെ നിരീക്ഷണത്തിലാണ്. ജയിലുകളില്‍ അനുവദിച്ച ജീവനക്കാരുടെ എണ്ണം, നിലവിലുള്ള ഒഴിവുകള്‍, അവ നികത്താന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പഠിച്ച് സമഗ്രമായ കുറിപ്പ് തയാറാക്കാന്‍ അമിക്കസ് ക്യൂറിയോട് കോടതി ആവശ്യപ്പെട്ടു.