'ഇന്ത്യന്‍ സുഹൃത്തുക്കളേ സ്വാഗതം'; വീസ ഫീസ് കുറച്ചു; സുഗമമായ യാത്രയ്ക്ക് ഇളവുകളുമായി ചൈന; ഈ വര്‍ഷം വിസ നല്‍കിയത് 85,000ത്തിലധികം ഇന്ത്യക്കാര്‍ക്ക്

ചൈന സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ക്ഷണിക്കുന്നു

Update: 2025-04-16 09:02 GMT

ബീജിങ്: ഈ വര്‍ഷം 85,000ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ നല്‍കി ചൈനീസ് എംബസി. 2025 ജനുവരി 1 നും ഏപ്രില്‍ 9 നും ഇടയിലെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ചൈന സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്‌സിലെ കുറിപ്പില്‍ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള വീസ പ്രക്രിയ ലളിതമാക്കുന്ന നടപടികളുടെ ഭാഗമായി, വിവിധ ഇളവുകള്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ചൈനയിലേക്ക് യാത്ര ചെയ്യാന്‍ 85,000 ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ നല്‍കിയെന്നാണ് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് അറിയിച്ചത്. കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. തുറന്നതും സുരക്ഷിതവും ഊര്‍ജ്ജസ്വലവും സൗഹൃദം നിറഞ്ഞതുമായ ചൈനയെ അറിയാന്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ചൈനീസ് അംബാസഡര്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

സുഗമമായ യാത്രയ്ക്ക് ഇളവുകളുമായി ചൈന

മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റുകള്‍ ഇല്ലാതെ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വിസ കേന്ദ്രങ്ങളില്‍ നേരിട്ട് വിസ അപേക്ഷ സമര്‍പ്പിക്കാം.

ഹ്രസ്വകാലത്തേക്ക് ചൈന സന്ദര്‍ശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. ഇത് വിസ ലഭിക്കാനുള്ള സമയം കുറയ്ക്കുന്നു.

വളരെ കുറഞ്ഞ നിരക്കില്‍ ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യന്‍ സന്ദര്‍ശകരെ സംബന്ധിച്ച് യാത്ര കൂടുതല്‍ താങ്ങാവുന്നതാക്കി മാറ്റുന്നു.

ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നു

രാജ്യത്തിന്റെ സംസ്‌കാരം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, വിദ്യാഭ്യാസ സാധ്യതകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ വിനോദസഞ്ചാരികളെ ചൈന വിളിക്കുന്നത്. കോവിഡ് മൂലമുണ്ടായ യാത്രാപഠന തടസ്സങ്ങള്‍ മാറി ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്കു പോകാനുള്ള മാര്‍ഗങ്ങള്‍ ഇതോടെ എളുപ്പമായേക്കും.

ട്രംപ് താരിഫ് യുദ്ധം തുടരുന്നതിനിടെ ചൈനീസ് എംബസി വക്താവ് യു ജിംഗ്, ഇന്ത്യ-ചൈന സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയുണ്ടായി. താരിഫ് അടിച്ചേല്‍പ്പിക്കുന്നത് മറികടക്കാന്‍ രണ്ട് വലിയ വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News