'ഇതൊക്കെ വീടിനുള്ളിൽ മതി..'; രാജസ്ഥാനിലെ സ്ത്രീകൾക്ക് ക്യാമറയുള്ള ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി; ഉത്തരവ് പുറത്തിറക്കി പഞ്ചായത്ത്

Update: 2025-12-23 13:14 GMT

ജലോർ: രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് യുവതികൾക്കും മരുമക്കൾക്കും ക്യാമറ ഫോണുകൾ ഉപയോഗിക്കുന്നതിന് വിചിത്രമായ നിരോധനം ഏർപ്പെടുത്തിയത്. ജില്ലയിലെ 15 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചൗധരി സമുദായത്തിൽപ്പെട്ടവർക്കാണ് ഈ നിയന്ത്രണം ബാധകമാകുക. പുതിയ തീരുമാനപ്രകാരം, ഈ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ക്യാമറയില്ലാത്ത സാധാരണ 'കീപാഡ്' ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

ഗാസിപൂർ ഗ്രാമത്തിൽ നടന്ന ചൗധരി സമുദായത്തിന്റെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് സമുദായ പ്രസിഡന്റ് സുജ്‌നാറാം ചൗധരി അറിയിച്ചു. വിവാഹങ്ങൾക്കോ മറ്റു പൊതുചടങ്ങുകൾക്കോ അയൽവീടുകളിലേക്കോ പോകുമ്പോൾ സ്ത്രീകൾ മൊബൈൽ ഫോൺ കൈവശം വെക്കുന്നത് പൂർണ്ണമായും നിരോധിച്ചു. സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വീട്ടിൽ വെച്ച് ഫോൺ ഉപയോഗിക്കാമെങ്കിലും പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല.

സ്ത്രീകളുടെ മൊബൈൽ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്നും, സ്ത്രീകൾ ജോലി ചെയ്യുന്നതിനിടയിൽ കുട്ടികളെ മൊബൈൽ നൽകി ഇരുത്തുന്നത് ശരിയല്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം. കൂടാതെ, സമുദായത്തിലെ അച്ചടക്കം നിലനിർത്താൻ ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ഇവർ അവകാശപ്പെടുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ലിംഗവിവേചനമാണെന്നും ആരോപിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആധുനിക കാലത്ത് സാങ്കേതികവിദ്യയിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്നത് അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

Tags:    

Similar News