റീല്‍ വിഡിയോ ഷൂട്ട്; മകളുടെ ഭര്‍തൃവീട്ടിലെത്തിയ പിതാവിനെ ചാക്കിലാക്കി കുറിയര്‍ ചെയ്യാന്‍ ശ്രമം; യുവതിയെ കൊണ്ട് മാപ്പു പറയിച്ച് പോലിസ്
പിതാവിനെ ചാക്കിലാക്കി കുറിയര്‍ ചെയ്യാന്‍ ശ്രമം; യുവതിയെ കൊണ്ട് മാപ്പു പറയിച്ച് പോലിസ്
ബെംഗളൂരു: റീല്‍ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായി പിതാവിനെ ചാക്കിലാക്കി കുറിയര്‍ ചെയ്യാന്‍ ശ്രമിച്ച് മകള്‍. മകളുടെയും ഭര്‍ത്താവിന്റെയും വീട്ടില്‍ വിരുന്നിനെത്തിയ പിതാവിനെയാണ് റീല്‍ എടുക്കുന്നതിനായി യുവതി കുറിയര്‍ ചെയ്യാന്‍ ശ്രമിച്ചത്. ഒടുവില്‍ പോലിസ് എത്തി മകളെ കൊണ്ട് മാപ്പു പറയിച്ച ശേഷം അതിന്റെ വീഡിയോയും എടുപ്പിച്ചാണ് ഇവരെ വെറുതെ വിട്ടത്. ബെംഗളൂരുവിലാണ് സംഭവം. പിതാവിനെ കുറിയര്‍ അയയ്ക്കാന്‍ യുവതിയ്‌ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കുറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട കുറിയര്‍ ഓഫീസ് ജീവനക്കാര്‍ എന്താണ് കുറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചെങ്കിലും മിണ്ടിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ ചാക്ക് അഴിച്ചതോടെയാണ് പിതാവ് ചാക്കിന് പുറത്തായത്.
വലിയ സൈസിലുള്ള ചാക്ക് കണ്ടിട്ട് എന്താണെന്ന് കുറിയര്‍ ജീവനക്കാര്‍ പലതവണ ചോദിച്ചെങ്കിലും യുവതി മിണ്ടിയില്ല. ഇതോടെ ജീവനക്കാര്‍ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കില്‍ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീല്‍ വിഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാന്‍, ഉഗാഡി ആഘോഷസമയമായതിനാല്‍ യാത്രാടിക്കറ്റുകള്‍ ലഭിക്കാന്‍ മാര്‍ഗമില്ലെന്നും കുറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാന്‍ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാല്‍ പിടിക്കപ്പെട്ടിട്ടും യുവതിക്കും കുടുംബത്തിനും യാതൊരു കുലുക്കവുമുണ്ടായില്ല. കുറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്‌സല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയോടും കുടുംബത്തോടും ഇവരുടെ പ്രവൃത്തി അനുചിതമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീലും പൊലീസ് പോസ്റ്റ് ചെയ്യിപ്പിച്ചു. കര്‍ശന മുന്നറിയിപ്പ് നല്‍കി കുടുംബത്തെ വിട്ടയക്കുകയായിരുന്നു.